Saturday, August 29, 2015

ഒരു മാപ്പിളഗറില്ലയുടെ ഡയറിക്കുറിപ്പുകള്‍


1921 ആഗസ്ത് 15
തിരൂരങ്ങാടി 
ഇന്നു രാത്രി വളരെ വൈകിയാണ് താമി വന്നത്. മലബാര്‍ ഇന്‍ഫെന്ററി ബറ്റാലിയനില്‍ പട്ടാള നായിക് ആയിരുന്ന താമി പട്ടാളത്തില്‍ നിന്നു വിരമിച്ച ശേഷം ഹജൂരാപ്പീസിലാണ് ജോലി ചെയ്തിരുന്നത്. മേജറായി വിരമിച്ച എന്റെ മുന്നില്‍ മിലിറ്ററി സ്‌റ്റൈലില്‍ സല്യൂട്ട് ചെയ്ത ശേഷം ഹജൂരാപ്പീസില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് താമി പറഞ്ഞു: 
സ്‌പെഷ്യല്‍ കമ്മീഷണര്‍ നാപ്പും കലക്ടര്‍ തോമസും പോലിസ് സൂപ്രണ്ട് ഹിച്‌കോക്കും പട്ടാള കമാന്‍ഡര്‍മാരും ഉണ്ടായിരുന്നു. ആലി മുസ്‌ല്യാരടക്കം 24 ഖിലാഫത്ത് നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് നീക്കം. തിരൂരങ്ങാടി, പൂക്കോട്ടൂര്‍, താനാളൂര്‍ എന്നിവിടങ്ങളിലൊക്കെ വീടുകളും പള്ളികളും ഖിലാഫത്ത് കമ്മിറ്റി ഓഫിസുകളും റെയ്ഡ് ചെയ്യാനും പ്ലാന്‍ ചെയ്തിട്ടുണ്ട്. 

1921 ആഗസ്ത് 19
തിരൂരങ്ങാടി
രാത്രി തിരൂരങ്ങാടി കിഴക്കേപള്ളിയുടെ തട്ടിന്‍മുകളില്‍ വിപ്ലവനായകരുടെ രഹസ്യയോഗം നടക്കുന്നു. താമി പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. എന്നെ അടുത്ത് വിളിച്ച് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പറഞ്ഞു: 
കുരിക്കളേ, മാപ്പിള റൈഫിള്‍സില്‍ നിന്നു മലബാര്‍ ഇന്‍ഫെന്ററി ബറ്റാലിയനില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാരെ ഉടനെ സംഘടിപ്പിക്കണം. ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത അവരെ പെന്‍ഷന്‍ പോലും നല്‍കാതെ പിരിച്ചുവിട്ടതില്‍ അവര്‍ക്ക് ബ്രിട്ടിഷ് ഗവണ്‍മെന്റിനോട് കനത്ത അമര്‍ഷമുണ്ട്. ആയിരത്തില്‍ ചില്ല്വാനം പേരുണ്ടവര്‍. അവരെ നമുക്ക് ഉപയോഗപ്പെടുത്തണം. അത്തന്‍ കുരിക്കളുടെ പിന്മുറക്കാരനായ നീയായിരിക്കണം ഗറില്ലാ പരിശീലനത്തിന് ചുക്കാന്‍ പിടിക്കേണ്ടത്. 
ഞാന്‍ ചോദിച്ചു: പക്ഷേ, തോക്കുകളും മറ്റ് ആയുധങ്ങളും സംഘടിപ്പിക്കും? 
ആലി മുസ്‌ല്യാര്‍ ഇടപെട്ടു: ആയുധങ്ങളും ഒന്നും വേണ്ട. സഹനവും നിസ്സഹകരണവുമാണ് ഗാന്ധിമഹാന്‍ പറഞ്ഞ മാര്‍ഗം. പെട്ടെന്ന് രാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് പട്ടാളവാഹനങ്ങള്‍ ഇരമ്പിയാര്‍ക്കുന്ന ശബ്ദം അകലെ നിന്നു കേട്ടു. യോഗം പെട്ടെന്ന് പിരിച്ചുവിട്ട് എല്ലാവരും ഇരുളിന്റെ മറപറ്റി പല വഴിക്കും പിരിഞ്ഞു. 

1921 ആഗസ്ത് 20
തിരൂരങ്ങാടി 
കലക്ടര്‍ തോമസും പോലിസ് സൂപ്രണ്ട് ഹിച്‌കോക്കും എ.എസ്.പി. ആമുവും എം.എസ്.പി. ബറ്റാലിയനും ക്യാപ്റ്റന്‍ മക്കന്റോയുടെ നേതൃത്വത്തിലുള്ള ബ്രിട്ടിഷ് പട്ടാളക്കാരും പുലര്‍ച്ചയ്ക്കു മുമ്പേ തിരൂരങ്ങാടിയില്‍ തേര്‍വാഴ്ച തുടങ്ങിയിരുന്നു. പള്ളികളിലും വീടുകളിലും അവര്‍ ഇരച്ചുകയറി. ദര്‍സ് വിദ്യാര്‍ഥികളുടെ പെട്ടികളും കിതാബുകളും വലിച്ചുപുറത്തിട്ടു. തിരൂരങ്ങാടി ഖിലാഫത്ത് ഓഫിസ് അടിച്ചുതകര്‍ത്തു. ഫര്‍ണിച്ചറുകള്‍ തീയിട്ടു. പൊറ്റയില്‍ മുഹമ്മദ് ഹാജി. കോഴിശ്ശേരി മമ്മദ്, മൊയ്തീന്‍കുട്ടി എന്നീ ഖിലാഫത്ത് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. 
ഉച്ചയായപ്പോഴേക്കും കോട്ടക്കല്‍ നിന്നും വേങ്ങരയില്‍ നിന്നും ആളുകള്‍ തിരൂരങ്ങാടിയിലേക്ക് കുതിച്ചു. ജനങ്ങളെ സമാധാനിപ്പിക്കാന്‍ കെ.എം. മൗലവി ചങ്കുപൊട്ടുമാറുച്ചത്തില്‍ പ്രസംഗിക്കുന്നുണ്ട്. ആലി മുസ്‌ല്യാര്‍ വന്നപ്പോഴാണ് ജനക്കൂട്ടം ഒന്നടങ്ങിയത്. 
രാത്രി അറസ്റ്റ് ചെയ്ത് കൊണ്ടുപോയവരെ വിട്ടുകിട്ടുമോ എന്ന് ജനക്കൂട്ടം ചോദിച്ചപ്പോള്‍ ആലി മുസ്‌ല്യാര്‍ പറഞ്ഞു: നമുക്ക് അന്വേഷിക്കാം, പക്ഷേ, എന്റെ കൂടെ രണ്ടാള് മാത്രം വന്നാല്‍ മതി. 
ആലി മുസ്‌ല്യാരും രണ്ടാളുകളും തിരൂരങ്ങാടി പോലിസ് ക്യാംപ് ലക്ഷ്യമാക്കി നടന്നു. ജനക്കൂട്ടം നിഴലുപോലെ മന്ദംമന്ദം നീങ്ങാന്‍ തുടങ്ങി. നിരായുധരായ ജനക്കൂട്ടം തക്ബീര്‍ മുഴക്കി ആവേശഭരിതരായി. 
പോലിസ് ക്യാംപിനുള്ളിലെ ലിന്‍സ്റ്റണ്‍ റെജിമെന്റിലെ 110 ബ്രിട്ടിഷ് സൈനികരും 30 റിസര്‍വ് പോലിസും 60 എം.എസ്.പിക്കാരും. എല്ലാവരുടെയും കൈയില്‍ റൈഫിളുണ്ട്. പോലിസ് ക്യാംപിനു മുമ്പിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ മൊയ്തീന്‍ ആലി മുസ്‌ല്യാരോട് കാര്യം അന്വേഷിച്ചു. അറസ്റ്റ് ചെയ്തവരെക്കുറിച്ച് അന്വേഷിക്കാന്‍ വന്നതാണെന്നും ആലി മുസ്‌ല്യാര്‍ മറുപടി പറഞ്ഞു. ക്യാംപിനുള്ളില്‍ നിന്നിരുന്ന പാലക്കാട് എ.എസ്.പി. റൗലിയോട് മൊയ്തീന്‍ വിവരം പറഞ്ഞു. ഉടനെ റൗലി കൈകളുയര്‍ത്തി ഇരിക്കാന്‍ പറഞ്ഞു. ജനക്കൂട്ടം ഇരുന്ന ഉടനെ കലക്ടര്‍ തോമസ് 'ഫയര്‍' എന്നലറി. മുമ്പിലിരുന്ന പലരും വെടിയേറ്റു വീണു. ജനക്കൂട്ടം എഴുന്നേറ്റ് പട്ടാള ക്യാമ്പിലേക്ക് ഇരച്ചുകയറി. ഇതുകണ്ട് ഭയന്ന് പട്ടാളക്കാര്‍ പിന്തിരിഞ്ഞോടി. 
ഞാനും ലവക്കുട്ടിയും കുഞ്ഞലവിയും പട്ടാളക്കാരെ വീഴ്ത്തി തോക്കുകള്‍ കൈക്കലാക്കി ജോണ്‍സ്റ്റണ്‍, റൗലി, കോണ്‍സ്റ്റബിള്‍ മൊയ്തീന്‍ എന്നിവരെ വെടിവച്ചിട്ടു. ബ്രിട്ടിഷ് പട്ടാളത്തിലെയും റിസര്‍വ് പോലിസിലെയും എം.എസ്.പിയിലെയും പലരും പിടഞ്ഞുവീണു.
തിരൂരങ്ങാടി പരപ്പനങ്ങാടി റോഡില്‍ പന്താരങ്ങാടി പള്ളിക്കു സമീപത്ത് ഉമൈത്താനകത്ത് കുഞ്ഞിക്കാദറിന്റെ നേതൃത്വത്തിലുള്ള താനൂര്‍ ഖിലാഫത്ത് പ്രവര്‍ത്തകര്‍ക്കു നേരെ പട്ടാളം വെടിവച്ചു. പള്ളി വളഞ്ഞ് കുഞ്ഞിക്കാദറിനെ അറസ്റ്റ് ചെയ്തു. രണ്ടു സംഘട്ടനങ്ങളിലുമായി ഒട്ടാകെ 17 മാപ്പിളമാര്‍ രക്തസാക്ഷികളായി. 
ഉച്ചയ്ക്ക് മലപ്പുറത്തു നിന്ന് സ്‌പെഷ്യല്‍ ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍ റിഡ്മാനും ഓര്‍ഡര്‍ലി കുഞ്ഞാലിയും മോട്ടോര്‍ ബൈക്കിലും, തോക്കും വെടിക്കോപ്പും നിറച്ച പട്ടാള ലോറിയില്‍ നാലു റിസര്‍വ് പോലിസ് വന്നിരുന്നു. വേങ്ങരയ്ക്കടുത്ത് കരിമ്പില്‍ വച്ച് ഓടയ്ക്കല്‍ മൊയ്തീന്‍കുട്ടി മുസ്‌ല്യാരുടെ നേതൃത്വത്തില്‍ ജനക്കൂട്ടം പോലിസ് വണ്ടി തടഞ്ഞുനിര്‍ത്തി തീവച്ചു. നാലു പോലിസുകാരെയും ഓര്‍ഡര്‍ലി കുഞ്ഞാലിയെയും ജനക്കൂട്ടം കൊന്നു. മോട്ടോര്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച റിഡ്മാനെ പനമ്പുഴയില്‍ കല്ലെറിഞ്ഞുവീഴ്ത്തി. അയാള്‍ പുഴയില്‍ മുങ്ങിമരിച്ചു. 

1921 ആഗസ്ത് 20
നെല്ലിക്കുത്ത് 
ഞാന്‍ തിരൂരങ്ങാടി സംഭവം കുഞ്ഞഹമ്മദ് ഹാജിയോട് പറയുമ്പോള്‍ അദ്ദേഹം ഉത്കണ്ഠാകുലനായി നാലുപാടും ആളെ വിട്ടു. ജനക്കൂട്ടം കുഞ്ഞഹമ്മദ് ഹാജിയുടെ തട്ടകത്തില്‍ ഒഴുകിയെത്തി. തുടര്‍ന്ന് മൗലീദ് പാരായണവും പ്രാര്‍ഥനയും നടത്തി. എല്ലാവരും ഭക്ഷണം കഴിച്ചു. കുഞ്ഞഹമ്മദ് ഹാജി ആയിരത്തോളം വരുന്ന ജനത്തെ അഭിസംബോധന ചെയ്തു.
തിരൂരങ്ങാടിയില്‍ പട്ടാളം 17 ഖിലാഫത്ത് വോളന്റിയര്‍മാരെ വെടിവച്ചുകൊന്നു. നമ്മളാകട്ടെ ഗാന്ധിമഹാന്റെ സഹന-നിസ്സഹകരണ സമരത്തിലാണ്. ഇതുകൊണെ്ടാന്നും നമ്മുടെ നാടിന് സ്വാതന്ത്ര്യം കിട്ടില്ലെന്നു ബോധ്യം വന്നിരിക്കുന്നു. ജന്മികള്‍ക്കും അധികാരിമാര്‍ക്കും നാട് സ്വാതന്ത്ര്യം നേടുന്നതില്‍ താല്‍പ്പര്യമില്ല. അവര്‍ക്ക് ജന്മിത്വവും അടിമത്തവും നിലനിന്നുകാണാനാണ് താല്‍പ്പര്യം. അതിനു വേണ്ടിയാണ് അവര്‍ കോണ്‍ഗ്രസ്സില്‍ കയറിക്കൂടിയത്. കോണ്‍ഗ്രസ്സില്‍ ജന്മിസംഘം ഉണ്ടാക്കിയത്് എന്തിനാണ് കൂട്ടരേ? തൊട്ടുകൂടായ്മയും അയിത്തവുമൊക്കെ കോണ്‍ഗ്രസ്സിനകത്തും നിലനില്‍ക്കുന്നു. മാപ്പിളമാര്‍ക്ക് വിദ്യാഭ്യാസമില്ല, അവര്‍ പോത്തുകളെ പോലെയാണ് എന്നൊക്കെ പറഞ്ഞ് കോണ്‍ഗ്രസ്സിനകത്തും നമ്മെ അസ്പൃശ്യരാക്കുന്നു. ബ്രിട്ടിഷ് പട്ടാളം മാപ്പിളമാരെ തിരഞ്ഞുപിടിച്ച് റോഡിലിട്ട് ക്രൂരമായി ചവിട്ടിമെതിക്കുന്നു. ഖിലാഫത്തുകാരെ മുഴുക്കെ കള്ളന്മാരും തെമ്മാടികളുമാക്കി ചിത്രീകരിച്ച് കള്ളക്കേസ് ചുമത്തി ജയിലിലിട്ട് നരകിപ്പിക്കുന്നു.
ഇതൊക്കെ കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവര്‍ക്ക് ഇതിലൊന്നും താല്‍പ്പര്യമില്ല.
ഇന്നലെ തിരൂരങ്ങാടിയില്‍ നടന്ന സംഭവങ്ങള്‍ ആലി മുസ്‌ല്യാരെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി മനഃപൂര്‍വം സൃഷ്ടിച്ച അക്രമമാണ്. ആലി മുസ്‌ല്യാരെ നമുക്ക് രക്ഷിക്കണം. ബ്രിട്ടിഷ് ഭരണം അവസാനിപ്പിച്ച് ഗാന്ധിമഹാന്റെയും മൗലാനാ മുഹമ്മദലിയുടെയും ഖിലാഫത്ത് സ്ഥാപിക്കണം. അതിനു വേണ്ടി അല്ലാഹുവിലര്‍പ്പിച്ച് മുന്നോട്ടുവരാന്‍ തയ്യാറുള്ളവര്‍ എന്നോടൊപ്പം വരിക. 
ജനം തക്ബീര്‍ മുഴക്കി. ഖിലാഫത്ത് പതാകയേന്തി ഹിന്ദുക്കളും അണിചേര്‍ന്നു. അവര്‍ ഒരു പടക്കൂട്ടമായി പാണ്ടിക്കാട് അങ്ങാടിയിലേക്ക് മാര്‍ച്ച് ചെയ്തു. ആ പടയോട്ടം കണ്ട് പാണ്ടിക്കാട് സബ് ഇന്‍സ്‌പെക്ടര്‍ അഹമ്മദ്കുട്ടിയടക്കം സ്റ്റേഷനിലുണ്ടായിരുന്ന മുഴുവന്‍ പോലിസുകാരും ജീവനും കൊണേ്ടാടി. മാപ്പിളമാര്‍ സ്റ്റേഷനില്‍ കടന്ന് തോക്കും മറ്റായുധങ്ങളും സ്വന്തമാക്കി. 
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പറഞ്ഞു: ബ്രിട്ടിഷ് ഭരണം തകര്‍ന്നു. അവരുടെ പോലിസ് പേടിച്ചോടി. 
എല്ലാവരും തിരൂരങ്ങാടിക്ക് പുറപ്പെടാന്‍ ഒരുങ്ങവേ കുതിരപ്പുറത്ത് താനൂര്‍കാരന്‍ കുഞ്ഞവറാന്‍ വന്നു: ഹാജിയാരെ അറസ്റ്റ് ചെയ്തവരെയും കൊണ്ട് കലക്ടര്‍ തോമസും പട്ടാളക്കാരും കോഴിക്കോട്ടേക്ക് പുറപ്പെട്ടു. പാളങ്ങളും റെയിലുകളുമൊക്കെ നമ്മുടെ ആള്‍ക്കാര്‍ തകര്‍ത്തിരുന്നു. കലക്ടര്‍ തോമസും പട്ടാളവും റെയില്‍ വഴി നടന്നാണ് പോയിക്കൊണ്ടിരുന്നത്. പരപ്പനങ്ങാടി മുതല്‍ നമ്മുടെ ആളുകള്‍ അവരെ കല്ലെറിഞ്ഞു പായിച്ചു. ഫറോക്ക് വരെ ജനങ്ങള്‍ അവരെ പിന്തുടര്‍ന്നു. പക്ഷേ, പട്ടാള വെടിവയ്പില്‍ 74 പേര്‍ രക്തസാക്ഷികളായി. ഒട്ടേറെ പട്ടാളക്കാര്‍ക്ക് മാരകമായ മുറിവേറ്റിട്ടുണ്ട്. 

1921 ആഗസ്ത് 21
തിരൂരങ്ങാടി
ഉച്ചതിരിഞ്ഞാണ് ഞാന്‍ എന്റെ കുതിരപ്പുറത്ത് തിരൂരങ്ങാടിയിലെത്തിയത്. ആലി മുസ്‌ല്യാര്‍ ദിക്ര്‍ ഹല്‍ഖയിലായിരുന്നു. രാത്രിയായപ്പോള്‍ തൃക്കുളം ഭാഗത്തുള്ള രണ്ടു നായന്മാര്‍ അലി മുസ്‌ല്യാരെ അന്വേഷിച്ച് കിഴക്കേപള്ളിയിലെത്തി. അവരുടെ വീടുകളില്‍ ആരൊക്കെയോ കൊള്ളകള്‍ നടത്തിയിരിക്കുന്നു. ലവക്കുട്ടിയെയും കുഞ്ഞലവിയെയും അവര്‍ക്കൊപ്പം വിട്ടു. ഏറെ വൈകാതെത്തന്നെ കൊള്ളക്കാരെ കുഞ്ഞലവിയും ലവക്കുട്ടിയും ആലി മുസ്‌ല്യാരുടെ സന്നിധിയിലെത്തിച്ചു. കിഴക്കന്‍ മുഖാരി, പരപ്പന്‍ അലവി, അയമദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 15 ഗുണ്ടകളാണ് കൊള്ളക്കാര്‍. ഇവര്‍ ജന്മിമാരുടെയും അധികാരികളുടെയുമൊക്കെ ഗുണ്ടകളാണെന്ന് കുഞ്ഞലവി പറഞ്ഞു. മോഷണവസ്തുക്കള്‍ നായന്മാര്‍ക്ക് തിരികെ കൊടുത്ത് കൊള്ളസംഘത്തെ താക്കീതുചെയ്തു വിട്ടു. 
തിരൂരങ്ങാടിയിലെ ജന്മിയായ മൂസക്കുട്ടി അധികാരിയുടെ വീട് ആക്രമിക്കാന്‍ ഒരുങ്ങിയവരെ ഖിലാഫത്ത് വോളന്റിയര്‍മാര്‍ വിരട്ടിയോടിച്ചു. ഖിലാഫത്തിനെതിരേ 'മഹക്കൂല്‍ ഖലഫത്ത് അല്‍ ഇസ്മില്‍ ഖിലാഫ' എന്ന ഫത്‌വ അച്ചടിച്ച ചാലിലകത്ത് ഇബ്രാഹീംകുട്ടിയുടെ പ്രസ്സ് ആരൊക്കെയോ അടിച്ചുതകര്‍ക്കുകയും കൊള്ള ചെയ്യുകയും ചെയ്തിരുന്നു. കേട്ട വാര്‍ത്തകള്‍ ആലി മുസ്‌ല്യാരെ രോഷാകുലനാക്കി. ആലി മുസ്‌ല്യാര്‍ എന്നെ അടുത്തു വിളിച്ചു പറഞ്ഞു: കുരിക്കളേ, അക്രമകാരികള്‍ക്കും സാമൂഹികവിരുദ്ധര്‍ക്കും മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ഖിലാഫത്ത് വോളന്റിയര്‍ മാര്‍ച്ച് നടത്തണം ഉടനെത്തന്നെ. 
കാക്കി പാന്റ്‌സും കാക്കി ഷര്‍ട്ടും ചന്ദ്രക്കലയുള്ള ചുവന്ന തുര്‍ക്കിത്തൊപ്പിയും ധരിച്ച രണ്ടായിരത്തോളം വോളന്റിയര്‍മാര്‍ തിരൂരങ്ങാടിയെ കിടിലംകൊള്ളിച്ചു. മാര്‍ച്ചിനു ശേഷം ആലി മുസ്‌ല്യാര്‍ ജനങ്ങളെ അഭിസംബോധന ചെയ്തു: 
ബ്രിട്ടിഷ് കലക്ടറും സൈന്യവും തിരൂരങ്ങാടിയില്‍ നിന്നു പിന്തിരിഞ്ഞോടി. അവരിനി ചിലപ്പോള്‍ തിരിച്ചുവരുമായിരിക്കും. പക്ഷേ, അതുവരെ ഈ നാട്ടില്‍ കള്ളന്മാരെയും കൊള്ളക്കാരെയും സൈരവിഹാരം നടത്താന്‍ അനുവദിക്കില്ല.
ഖുര്‍ആന്‍ ഉയര്‍ത്തിക്കാണിച്ച് ആലി മുസ്‌ല്യാര്‍ തുടര്‍ന്നു: ''ഇതാ, ഈ വ്യവസ്ഥയാണ് ഖിലാഫത്ത് കമ്മിറ്റിയുടെ മാര്‍ഗരേഖ. സ്വാതന്ത്ര്യസമരത്തിനും ഖിലാഫത്ത് നിസ്സഹകരണ പ്രവര്‍ത്തനങ്ങള്‍ക്കും എതിരായി ബ്രിട്ടിഷ് ചാരന്മാരായി പ്രവര്‍ത്തിച്ച തിരൂരങ്ങാടിയിലെ ഏഴു കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഖിലാഫത്ത് കമ്മിറ്റി സംരക്ഷണം നല്‍കും. അതുപോലെത്തന്നെ സമരവിരുദ്ധരായ ഹിന്ദുകുടുംബങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുന്ന എന്തെങ്കിലും പ്രവര്‍ത്തനം ആരില്‍ നിന്നുണ്ടായാലും കഠിനമായി ശിക്ഷിക്കും. 

1921 ആഗസ്ത് 22
നിലമ്പൂര്‍ 
പൂക്കോട്ടൂരിലെ ഒരു കൂട്ടമാളുകള്‍ അബ്ദുഹാജിയുടെ നേതൃത്വത്തില്‍ നിലമ്പൂരിലേക്ക് പോയിട്ടുണെ്ടന്നറിഞ്ഞതോടെ കുതിരപ്പുറത്തേറി ഞാനങ്ങോട്ട് കുതിച്ചു. പുലര്‍ച്ചെ അവര്‍ എടവണ്ണ പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ച് തോക്കുകള്‍ കൈവശപ്പെടുത്തിയിരുന്നു. 
നിലമ്പൂര്‍ കോവിലകത്തേക്കാണ് അവര്‍ പോയിരിക്കുന്നത്. രണ്ടായിരത്തോളം ആളുകളുണ്ട്- എടവണ്ണയിലെ ഇസ്മായീല്‍ എന്ന ഖിലാഫത്ത് പ്രവര്‍ത്തകന്‍ പറഞ്ഞു. 
ഞാന്‍ വേഗത്തില്‍ നിലമ്പൂര്‍ കോവിലകത്തെത്തി. പൂക്കോട്ടൂര്‍ സംഘം വരുന്നുണ്ട് എന്നറിഞ്ഞതോടെ കോവിലകത്തുള്ളവര്‍ പുഴ കടന്ന് രക്ഷപ്പെട്ടിരുന്നു. ഞാന്‍ കോവിലകത്തിന്റെ ഉമ്മറക്കോലായില്‍ നില്‍ക്കുമ്പോഴുണ്ട് പൂക്കോട്ടൂര്‍ സംഘം തക്ബീര്‍ മുഴക്കിവരുന്നു. ഞാന്‍ അവരോട് വിവരം പറഞ്ഞു. അവര്‍ മടങ്ങിപ്പോകാന്‍ തുടങ്ങുമ്പോള്‍ കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന കോവിലകം കാവല്‍ക്കാര്‍ വെടിയുതിര്‍ത്തു. പൂക്കോട്ടൂര്‍കാര്‍ 16 കാവല്‍ക്കാരെ യമപുരിക്കയച്ചു. ബാക്കിയുള്ളവര്‍ ജീവനും കൊണേ്ടാടി രക്ഷപ്പെട്ടു.

അബ്ബാസ് കാളത്തോട്
തേജസ് ദൈ്വവാരിക - ഔഗസ്റ്റ് 1-15, 2015



No comments: