Monday, April 27, 2020

ഗസലിന്റെ ഈണവും ഊദിന്റെ സുഗന്ധവുമുള്ള നിസാമുദ്ദീന്‍ ബസ്തി...



രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ ഓരോ ഇഞ്ചിലും ചരിത്രം സുഖ സുശുപ്തി പൂണ്ട് കിടക്കുകയാണ്, എല്ലാം നൂറുക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യവും പേറി.

ദക്ഷിണ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ഏരിയ ചരിത്രത്തിന്റെ പടനിലമാണ്... സൂഫി പണ്ഡിതനായിരുന്ന ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ എന്ന പേരില്‍ അറിയപ്പെടുന്ന സയ്യിദ് മുഹമ്മദ് നിസാമുദ്ദീന്‍, അദ്ദേഹത്തിന്റെ ശിഷ്യനും കവിയുമായിരുന്ന അമീര്‍ ഖുസ്രു എന്ന അബുല്‍ ഹസന്‍ യമീനുദ്ദീന്‍ ഖുസ്രു, മുഖള്‍ ചക്രവര്‍ത്തിയായിരുന്ന മസീറുദ്ദീന്‍ മുഹമ്മദ് ഹുമയൂണ്‍, അക്ബര്‍ ചക്രവര്‍ത്തിയുടെ രാജസദസ്സിലെ പ്രധാനപ്പെട്ട ഒമ്പത് ദിവാന്‍മാരില്‍ (നവരത്‌ന) ഒരാളും കവിയുമായിരുന്ന അബ്ദുല്‍ റഹീം ഖാനെ ഖാനാന്‍, പ്രമുഖ ഉര്‍ദു, പേര്‍ഷ്യന്‍ കവിയായിരുന്ന മിര്‍സ ഗാലിബ് എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന മിര്‍സ അസദുള്ള ബേഗ് ഖാന്‍ മുതല്‍ പാശ്ചാത്യ സൂഫിസത്തിന്റെ ഗുരുവായി അറിയപ്പെടുന്ന ഇനായത്ത് റഹ്മത്ത് ഖാന്‍ പത്താന്‍ എന്ന ഇനായത്ത് ഖാന്‍ വരെയുള്ളവരുടെ അന്ത്യ വിശ്രമ ഭൂമിയാണ് നിസാമുദ്ദീന്‍...

64 പില്ലറുകളുള്ള ചൗസഠ് ഖംബാ, 12 പില്ലറുകളുള്ള ബാരാ ഖംബാ, സബ്‌സ് ബുര്‍ജ് തുടങ്ങിയ ചരിത്ര പ്രധാനമായ നിരവധി ശവകൂടീരങ്ങളും നിറഞ്ഞതാണ് ദേശീയ പാത രണ്ടിന്റെ (ഡല്‍ഹി-ഹൗറ) ഭാഗമായ ഡല്‍ഹിയിലെ മഥുര റോഡിന്റെ നിസാമുദ്ദീന്‍ ഏരിയയിലെ ഇരു ഭാഗവും...




സൗദി അറേബ്യയിലെ മക്ക കഴിഞ്ഞാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള, സമ്പന്നരും ദരിദ്രരും അടക്കമുള്ളവര്‍ ഒരു പോലെ ഒരുമിച്ച് കൂടുന്ന അപൂര്‍വ്വ സ്ഥലങ്ങളില്‍ ഒന്നാണിത്... ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് കാല്‍നടയായി എത്താവുന്ന ദൂരം..

ലോക സൂഫിസത്തിന്റെ 'മക്ക'യായി അറിയപ്പെടുന്ന ഇവിടെ തന്നെയാണ് തബ്ഃലീഗ് ജമാഅത്തിന്റെ 'ആലമി മര്‍ക്കസ് ' (ആലം, ആലമി എന്ന അറബി, ഉര്‍ദു പദത്തിന് ലോകം എന്നും മര്‍ക്കസ് എന്നതിന് കേന്ദ്രം എന്നുമാണ് അര്‍ത്ഥം) എന്ന് അവര്‍ പറയുന്ന ബഗ്ലെ വാലി മസ്ജിദും സ്ഥിതി ചെയ്യുന്നത്. ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും ഉണര്‍ന്നിരിക്കുന്ന തെരുവാണ് നിസാമുദ്ദീന്‍ ബസ്തി എന്നറിയപ്പെടുന്ന ഈ ഗല്ലികള്‍. മുസ്ലിംകള്‍ക്കിടയിലെ വ്യത്യസ്ഥമായ രണ്ടു ചിന്താധാരകളാണ് ഈ തെരുവുകളില്‍ നമുക്ക് കാണാനാവുക.

വെട്ടിയൊതുക്കാത്ത നീളന്‍ താടിയും നീണ്ട പൈജാമയും ഞെരിയാണിക്ക് മുകളില്‍ അവസാനിക്കുന്ന കുര്‍ത്തയും ധരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തബ്ഃലീഗ് പ്രവര്‍ത്തനവുമായി എത്തിയവര്‍ ഒരു ഭാഗത്ത്. ഭൗതീകമായി ചിന്തകള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കാതെ, മുസ്ലിംകള്‍ക്കിടയില്‍ ഇസ്ലാമിക സംസ്‌കരണത്തിന് മാത്രം പ്രാധാന്യം നല്‍കുകയാണിവര്‍. സംഗീതവും കലയും അടക്കം ഒരു തരത്തിലുള്ള വിനോദ പ്രവര്‍ത്തനത്തിനും ഇവിടെ ഇവര്‍ക്കിടയില്‍ സ്ഥാനമില്ല. ആത്മീയ കാര്യങ്ങളില്‍ മാത്രം ഒതുങ്ങി കൂടുന്ന ഒരു വിഭാഗം.




അതേസമയം, മറുവശത്ത് ആലമി മര്‍ക്കസില്‍ നിന്നും 200 മീറ്റര്‍ അകലെ, ഗസലായും ഖവാലിയായും സംഗീത ഉപകരണങ്ങള്‍ നില്‍ക്കാതെ സ്‌നേഹവും സന്താപവും ഒഴുക്കുകയാണ്. നിസാമുദ്ദീന്‍ ഔലിയയും അദ്ദേഹത്തിന്റെ ശിഷ്യനായ ഉമര്‍ ഖുസ്രുവും അന്ത്യ വിശ്രമം കൊള്ളുന്ന നിസാമുദ്ദീന്‍ ദര്‍ഗയിലെത്തുന്നവരും ആത്മീയത തേടി തന്നെയാണ് എത്തുന്നത്. ഒരിടത്ത് സംഗീതവും പ്രാര്‍ത്ഥനകളും മറ്റൊരിടത്ത് സംസ്‌കരണവും ആരാധനകളും എന്ന വ്യത്യാസം മാത്രം. ദര്‍ഗകളും ശവ കുടീരങ്ങളും കെട്ടിപ്പൊക്കുന്നതിനും അവിടെ പോയി പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്നതിന് ഇസ്ലാമികമായി അടിസ്ഥാനമില്ലെന്ന് വിശ്വസിക്കുന്ന വിഭാഗമാണ് തബ്ഃലീഗ് ജമാഅത്തുകാര്‍..




ലോകത്തിന്റെ നാനാ ദേശങ്ങളില്‍ നിന്നെത്തുന്ന സന്ദര്‍ശകരാണ് നിസാമുദ്ദീന്‍ ബസ്തിയിലെ ഗല്ലികളെ 24 മണിക്കൂറും സജീവമാക്കുന്നത്. ഊദിന്റെ സുഗന്ധവും ഗസലിന്റെ ഈണവും വിവിധങ്ങളായ മുഗള്‍ വിഭവങ്ങളുടെ മണവും ഒത്തു ചേര്‍ന്ന ഈ ഗല്ലികളില്‍ ആയിരങ്ങളാണ് ഉപജീവനം കണ്ടെത്തുന്നത്. സന്ദര്‍ശകര്‍ക്കും ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഭക്ഷണ പ്രേമികള്‍ക്കുമായി രാത്രി പുലരുവോളം തുറന്നു കിടക്കുന്ന ഭക്ഷണ ശാലകളും തെരുവ് കച്ചവടങ്ങളും ഇവിടത്തെ പ്രധാന പ്രത്യേകതയാണ്. ഡല്‍ഹിയില്‍ മുഗള്‍ ഭക്ഷണങ്ങള്‍ക്ക് പ്രസിദ്ധമായ കരീംസ് ഹോട്ടല്‍ മുതല്‍ തെരുവ് ഭക്ഷണ ശാലകള്‍ വരെ വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ സ്വാദുകളാണ് തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്നത്.




വ്യാഴാഴ്ചകളില്‍ നിസാമുദ്ദീനിലെ ഗല്ലികളില്‍ അസാധാരണമായ തിരക്കാണ് അനുഭവപ്പെടുക. അന്നാണ്, നിസാമുദ്ദീന്‍ ദര്‍ഗയില്‍ ഖവാലി നടക്കുന്നത്. ഈ ദിവസങ്ങളില്‍ ജാതി മത ഭേദമന്യേ നൂറു കണക്കിന് ആളുകളാണ് ദര്‍ഗയില്‍ എത്തുന്നത്. നിസാമുദ്ദീന്‍ ഔലിയയുടെ ദര്‍ഗയുടെ സമീപത്ത് തന്നെയാണ് അമീര്‍ ഖുസ്രുവിന്റൈ ഭൗതീക ശരീരവും മറവ് ചെയ്തിരിക്കുന്നത്.




ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സൂഫികളുടെ ഭക്തിനിര്‍ഭരമായ സംഗീത രൂപമായ ഖവ്വാലിയുടെ പിതാവായി അറിയപ്പെടുന്ന അമീര്‍ ഖുസ്രുവിന്റെ വരികളാണ് പുതിയ കാലത്തെ വിവിധ ഖവ്വാലി ഗായകര്‍ ഇവിടെ വന്ന് ആലപിക്കുന്നത്. നിസാമുദ്ദീന്‍ ഔലിയയുടെ സദസ്സില്‍ അമീര്‍ ഖുസ്രു ഗസലുകളും ഖവ്വാലികളും അവതരിപ്പിച്ചതിന്റെ തുടര്‍ച്ച എന്നോണമാണ് ഇപ്പോഴും ഈ രീതി തുടര്‍ന്നുവരുന്നത്.




' സിഹാലെ മിസ്‌കീന്‍ മകുന്‍ തഖാഫുല്‍ ദുരായെ നൈനാന്‍ ബനയെ ബതിയാന്‍'... എന്ന് തുടങ്ങുന്ന, ദരിദ്രരുടെ അവസ്ഥയെ കുറിച്ചുള്ള ഉര്‍ദു ഗസല്‍ അമീര്‍ ഖുസ്രു ആദ്യ കാലങ്ങളില്‍ എഴുതിയതായാണ് കരുതപ്പെടുന്നത്. തബല, സിതാര്‍ എന്നീ സംഗീതോപകരണങ്ങള്‍ ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളാണ്.




മുഗള്‍ സാമ്രാജ്യത്തിന്റെ അവസാന കാലങ്ങളില്‍ ജീവിച്ചിരുന്ന പ്രമുഖ പേര്‍ഷ്യന്‍, ഉര്‍ദു കവിയായിരുന്ന മിര്‍സാ ഗാലിബിന്റ ശവകുടീരവും ഗാലിബ് അക്കാദമിയും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. പല പ്രാദേശിക കവികളും എല്ലാ വൈകുന്നേരങ്ങളിലും ഈ അക്കാദമിയില്‍ ഒരുമിച്ച് കൂടി അവരുടെ കൃതികള്‍ പാരായണം ചെയ്യുന്നു.




ചൗസാഠ് ഖംബാ


1623-24 കാലയളവില്‍ നിര്‍മിച്ച ചൗസാഠ് ഖംബാ - ചൗസാഠ് എന്നാല്‍ ഉര്‍ദുവില്‍ 64 എന്നാണ് അര്‍ത്ഥം, ഖംബാ എന്നാല്‍ തൂണുകള്‍ എന്നും.

മുഗള്‍ ചക്രവര്‍ത്തിമാരായ അക്ബറിന്റെയും ജഹാംഗീറിന്റെയും കൊട്ടാരങ്ങളില്‍ പ്രമുഖരില്‍ ഒരാളായിരുന്ന അക്ബറിന്റെ വളര്‍ത്തു സഹോദരന്‍ മിര്‍സ് അസീസ് കോകയാണ് ജഹാംഗീറിന്റെ ഭരണകാലത്ത് ഇത് നിര്‍മ്മിച്ചത്.

മുഗള്‍ കാലഘട്ടത്തിലെ നൂതനമായ വാസ്തുവിദ്യാ ശൈലിയിലുള്ള ഒരു ഹാളായിട്ടാണ് ചൗസാഠ് ഖംബാ സ്മാരകം തുടക്കത്തില്‍ നിര്‍മ്മിച്ചത്. പിന്നീട് ഇത് ഒരു ശവകുടീരമാക്കി മാറ്റുകയായിരുന്നു. പൂര്‍ണ്ണമായും വെളുത്ത മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച ചതുര ഘടനയാണിതിന്. ഇരുപത്തിയഞ്ച് സത്ംഭങ്ങളെ താങ്ങിനിര്‍ത്തുന്ന 64 തൂണുകളായാണ് ഇതിന്റെ നിര്‍മ്മാണ ഘടന.




ബാരാഖംബാ

14ാം നൂറ്റാണ്ടില്‍ തുക്ലക് ഭരണ കാലത്ത് നിര്‍മ്മിച്ചതാണ് ഈ ചരിത്ര സ്മാരകം. പേരു പോലെ 12 (ബാര എന്നാല്‍ 12 ) തൂണുകളിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അജ്ഞാതനായ ഒരു ഉന്നത വ്യക്തിയുടെ ശവകുടീരമാണ് ബാരാ ഖംബാ സ്മാരകം. പന്ത്രണ്ട് തൂണുകളുള്ള ഈ സ്മാരകത്തിന്റെ ഓരോ ഭാഗത്തും മൂന്ന് കമാനങ്ങള്‍ ഉണ്ട്. മധ്യത്തിലായി ഒരു വലിയ താഴികക്കുടവും നാലു മൂലകളിലായി നാലു ചെറിയ താഴികക്കുടങ്ങളും അടങ്ങിയതാണ് ഇതിന്റെ നിര്‍മ്മാണ രീതി.




സബ്‌സ് ബുര്‍ജ്

എട്ട് വശങ്ങളുള്ള രീതിയില്‍ മഥുര റോഡില്‍ ഹുമയൂണ്‍ ടോമ്പിന് സമീപത്തായിട്ടാണ് സ്ബ്‌സ് ബുര്‍ജ് സ്ഥിതി ചെയ്യുന്നത്. എ.ഡി 1626ല്‍ മരണപ്പെട്ട ഫഹീം ഖാന്‍ എന്ന മുഗള്‍ ഭരണകൂടത്തിലെ ഒരു പരിചാരകന്റെ ശവകുടീരമാണിതെന്നാണ് ചില ചരിത്രക്കാരന്‍മാര്‍ പറയുന്നത്. സബ്‌സ് ബുര്‍ജ് എന്ന വാക്കിന് പച്ച സ്തൂഭം എന്നാണ് അര്‍ത്ഥം. എന്നാല്‍, ഇതിന്റെ സ്തൂഭത്തിന് നീല ടൈല്‍സുകളാണ് പതിച്ചിരിക്കുന്നത്.




അബ്ദുല്‍ റഹീം ഖാനേ ഖാനാന്‍ ശവകുടീരം

മുഗള്‍ കാലഘട്ടത്തിലെ രാജ്യതന്ത്രജ്ഞനും പണ്ഡിതനും കവിയുമായിരുന്നു അബ്ദുല്‍ റഹിം ഖാനെ ഖാനാന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് നിസമുദ്ദീന്‍ ഈസ്റ്റിലാണ്. റെയില്‍ വേ സ്റ്റേഷനില്‍ നിന്നും നിസമുദ്ദീന്‍ വെസ്റ്റിലേക്കുള്ള യാത്രയില്‍ ഇടതു വശത്തായി ആദ്യം കാണുന്നത് ഈ സ്മാരകമാണ്.




വിശ്വാസ വ്യവസ്ഥ

ഇവിടെ നിസാമുദ്ദീന്‍ ഒരു വ്യക്തിയുടെ പേരല്ല, ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു പ്രദേശവുമല്ല, ഒരു പ്രത്യേക സംസ്‌കാരമൊ അല്ല. നിരവധി സഞ്ചാരികളും സൂഫികളും ഭക്തരും ഭക്തി പൂര്‍വ്വം താലോലിക്കുന്ന അവരവരുടേതായ ചില വ്യവസ്ഥകളാണ്. വിശ്വാസ വ്യവസ്ഥ എന്നാണ് നിസാമുദ്ദീന്‍ എന്ന വാക്കിന് അര്‍ത്ഥം. നിസാമുദ്ദീന്‍ അസാധാരണമായ നിരവധി കവികള്‍ക്കാണ് ജന്മം നല്‍കിയിരിക്കുന്നത്. അവരെ ഭയ ഭക്തി ബഹുമാനത്തോടെ ആദരിക്കുന്ന കുറെ മനുഷ്യരും അവരുടെ ഓരം പറ്റി ജീവിക്കുന്ന മറ്റു കുറേ ജന്മകളുമാണ് ഈ ഗല്ലികളെ സമ്പന്നമാക്കുന്നത്.




700 വര്‍ഷത്തിലേറെ പഴക്കമുള്ള സമ്പന്നമായ സാംസ്‌കാരിക പൈതൃകമാണ് നിസാമുദ്ദീനുള്ളത്. ആ പൈതൃകം ഉപയോഗപ്പെടുത്തിയാണ് ഇവിടത്തെ ജനങ്ങള്‍ ഇന്നും ജീവിക്കുന്നത്. നിസാമുദ്ദീന്റെ പൈതൃകം അവിടത്തെ ചരിത്ര സ്മാരകങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. അവിടത്തെ ഭക്ഷണം, സംസ്‌കാരം, ജീവിത രീതി, സംഗീതം, ഖവ്വാലി എന്നിവ എല്ലാം അടങ്ങുന്നതാണ്.


No comments: