Saturday, June 6, 2020

ജയ് ശ്രീറാം എന്ന് നില വിളിച്ചത് കൊണ്ട് തീരാവുന്ന പ്രശ്‌നങ്ങളല്ല രാജ്യം നേരിടുന്നത്

കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പു കേടുമൂലം രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോയികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് വൈറസിന്റെ വരവ് സ്ഥിതി ഏറെ ഗുരുതരമാക്കി, ഇതില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കേരളത്തില്‍ ആന ചെരിഞ്ഞ സംഭവത്തെ പോലും സംഘപരിവാര്‍ നേതാക്കളും ചില മാധ്യമങ്ങളും സെലിബ്രറ്റികളും വരെ വര്‍ഗ്ഗീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതെന്ന് മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ടേയ കഠ്ജു പറയുന്നു.  ജയ് ശ്രീറാം എന്ന് നില വിളിച്ചത് കൊണ്ട് തീരാവുന്ന പ്രശ്‌നങ്ങളല്ല രാജ്യത്തെ സാമ്പത്തിക രംഗം നേരിടുന്നതെന്നാണ് ജസ്റ്റിസ് മാര്‍കണ്ടേയ കഠ്ജു പറയുന്നത്...


'' നിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, ഇന്ത്യ വലിയ ഒരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോയികൊണ്ടിരിക്കുകയായിരുന്നു. അതിനെ കൂടുതല്‍ രൂക്ഷമാക്കിയത് കോവിഡ് മൂലമുള്ള ലോക്ക് ഡൗണാണ്. രാജ്യത്തെ വളരെ അധികം ഇന്‍ഡസ്ട്രികള്‍ ലോക്ക് ഡൗണ്‍ മൂലം സാമ്പത്തിക നഷ്ടത്തില്‍ ഓടികൊണ്ടിരിക്കുകയാണ്.  വളരെ വലിയതോതിലുള്ള തൊഴിലില്ലായ്മയും രാജ്യം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു പ്രശ്‌നമാണ്. കേന്ദ്ര സര്‍ക്കാരിന് ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്ന് അറിയുന്നില്ല. അതു കൊണ്ട് തന്നെ, ഈ പ്രശ്‌നങ്ങള്‍ ഓരോ ദിവസം ചെല്ലും തോറും കൂടുതല്‍ വശളായി കൊണ്ടിരിക്കുകയാണ്. ഇവ എങ്ങനെ ശരിയായി ഡീല്‍ ചെയ്യണം എന്ന് അറിയാത്ത കേന്ദ്ര സര്‍ക്കാര്‍ ബലിയാടുകളെ കണ്ടു പിടിക്കാന്‍ ശ്രമിക്കുകയാണ്. അവരിലൂടെ വിഷയം തിരിച്ചു വിടാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ഹിറ്റ്‌ലര്‍ ജൂതന്‍മാരെ ബലിയാടുക്കളാക്കിയത് പോലെ, ഹിറ്റ്‌ലര്‍ ചെയ്തത് ജര്‍മ്മനിയിയിലെ എല്ലാ നാശവും ജൂതന്‍മാരുടെ തലയില്‍ വെച്ച് കെട്ടി അവരെ അധിക്ഷേപിക്കുകയായിരുന്നു ചെയ്തത്. ഇന്ത്യയില്‍ ഇത് മുസ്ലിംകളുടെ തലയിലാണ് വെച്ച് കെട്ടികൊണ്ടിരിക്കുന്നത് - ജസ്റ്റിസ് കഠ്ജു പറയുന്നു.
സൂം വീഡിയോ കോണ്‍ഫ്രന്‍സ് വഴി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'' ആന ചെരിഞ്ഞ സംഭവത്തെ കുറിച്ച് പറയുകയാണെങ്കില്‍, മലപ്പുറം ജില്ലയില്‍ അല്ല ഇത് സംഭവിച്ചിട്ടുള്ളതെന്ന് നമുക്ക് അറിയാം, പാലക്കാടാണ് ഈ സംഭവം നടന്നത്. നമുക്ക് അറിയാം മലപ്പുറം കേരളത്തിലെ ഒരേ ഒരു മുസ്ലിം ഭൂരിപക്ഷ ജില്ലയാണ്. മനേകാ ഗാന്ധി നിരവധി അഭിമുഖങ്ങളിലും മറ്റും പറഞ്ഞ് കൊണ്ടിരിക്കുന്നത് ഈ സംഭവം നടന്നത് മലപ്പുറത്താണ് എന്നാണ്. മലപ്പുറത്ത് ഇതു പോലെ നിരവധി സംഭവങ്ങള്‍, മൃഗങ്ങളെ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ടെന്നും അവര്‍ ആവര്‍ത്തിച്ച് പറയുകയുണ്ടായി. ഇക്കാര്യത്തില്‍ ഞാന്‍ മനസ്സിലാക്കിയത് അനുസരിച്ച് കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ വന്യ ജീവികളുടെ ബുദ്ധിമുട്ടുണ്ട്. ഏത് പോലെ എന്ന് ചോദിച്ചാല്‍, ഉത്തരേന്ത്യയില്‍ നീല്‍ഗുല്‍ബുല്‍സിന്റെ പ്രശ്‌നങ്ങള്‍ ഉള്ളത് പോലെ, ഈ ജീവികള്‍ നോര്‍ത്ത് ഇന്ത്യയില്‍ ഒരുപാട് കൃഷികള്‍ നശിപ്പിക്കുന്നുണ്ട്. അത് പോലെയാണ് കേരളത്തില്‍ ഈ വന്യജീവികളുടെ പ്രശ്‌നവുമുള്ളത്, ഞാന്‍ മനസ്സിലാക്കിയിടത്തോളം. ഈ വന്യ ജീവികളെ നശിപ്പിക്കാന്‍ വേണ്ടിയാണ് പടക്കം നിറച്ച പൈനാപ്പിളുകള്‍ കെണിയാക്കി സാധാരണ കര്‍ഷകര്‍ വെച്ചത്. അത് അബദ്ധത്തില്‍ ആണ് ഈ ആന ഭക്ഷിച്ചത് എന്നാണ്  പ്രാഥമികമായ റിപ്പോര്‍ട്ടുകള്‍ വന്ന് കൊണ്ടിരിക്കുന്നത്. ആനകളെ കൊല്ലുക എന്ന ലക്ഷ്യത്തില്‍ സ്ഥാപിച്ചതല്ല ഇവ എന്നത് വ്യക്തമാണ്. എന്നാല്‍, ഇവിടെ നാം കാണേണ്ട മറ്റൊരു കാര്യം ഇതിനെ വര്‍ഗ്ഗീയ വല്‍ക്കരിക്കാന്‍ മനേകാ ഗാന്ധിയും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറും ശ്രമിക്കു എന്നുള്ളതാണ്. രത്തന്‍ റാറ്റ അടക്കമുള്ള വ്യവസായികളും സെലിബ്രിറ്റികളും വരെ ഈ വിഷയത്തില്‍ ട്വീറ്റുമായി രംഗത്തെത്തിയിട്ടുണ്ട്. മുസ്ലിംകളെ അപകീര്‍ത്തിപ്പെടുത്തുക എന്നത് ഇപ്പോള്‍ ഇന്ത്യയില്‍ ഒരു പോപ്പുലറായ കാര്യമായിട്ടുണ്ട്. ഏത് പോലെ എന്ന് ചോദിച്ചാല്‍, കൊറോണ കാലത്ത് ഉണ്ടായത് പോലെ, തബ്ലീഗ് ജമാഅത്തിന്റെ ആളുകളാണ് ഇന്ത്യയില്‍ കൊറോണ വൈറസ് പരത്തിയത് എന്നായിരുന്നല്ലോ പ്രചാരണം. എന്നാല്‍, ഞാന്‍ നേരിട്ട് നടത്തിയ എന്റെ അന്വേഷണത്തില്‍ എനിക്ക് വ്യക്തമായത്, തബ്ലീഗ് ജമാഅത്തിന്റെ ആളുകള്‍ എന്ന് പറയുന്നത്, നല്ല സ്വഭാവമുള്ള ആളുകളാണ് എന്നാണ്. അവരെ കുറിച്ച് പ്രചരിച്ച പോലെ, പൊതുസ്ഥലങ്ങളില്‍ തുപ്പിയും ഡോക്ടര്‍മാരെ മര്‍ദിച്ചും സ്പര്‍ശിച്ചും കൊറോണ പരത്തുന്ന സ്വഭാവമുള്ള ആളുകള്‍ അല്ല അവര്‍. ഇത് എന്റെ അന്വേഷണത്തില്‍ വ്യക്തമായ കാര്യമാണ്. അവരെ ആണ് ഇത്തരത്തില്‍ കുറ്റപ്പെടുത്തിയിരുന്നത്. പക്ഷെ, അവര്‍ ഒരിക്കലും ഇത് ചെയ്യില്ലെന്നും കഠ്ജു പറഞ്ഞു.
 സത്യത്തില്‍ ഇവ എല്ലാം, രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കാത്ത ഒരു സര്‍ക്കാരിന്റെ ജന ശ്രദ്ധ തിരിച്ചുവിടാനുള്ള ഹീനമായ ശ്രമങ്ങളായിരുന്നു എന്നാണ് നാം മനസ്സിലാക്കേണ്ട്ത്.   

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പറയുകയാണെങ്കില്‍, ജയ് ശ്രീറാം എന്ന് നില വിളിച്ചത് കൊണ്ട് തീരാവുന്ന പ്രശ്‌നങ്ങളല്ല രാജ്യത്തെ സാമ്പത്തിക രംഗം നേരിടുന്നതെന്നാണ് ജസ്റ്റിസ് മാര്‍കണ്ടേയ കഠ്ജു പറഞ്ഞത്.
പിന്നെ, ഞാന്‍ ഇന്റര്‍നെറ്റില്‍ നിന്ന് വായിച്ചറിഞ്ഞ ഒരു കാര്യം, കേരളത്തിലെ ഒരുപാട് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ആന എന്ന് പറയുന്നത്. അങ്ങനെ ക്ഷേത്രങ്ങളുമായും ഹിന്ദു മതാചാരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു ജീവിയെ മുസ്ലിംകള്‍ കൊന്നു, അല്ലെങ്കില്‍ ദ്രോഹിക്കുന്നു എന്നുള്ള ഒരു ഹിഡണ്‍ പ്രചാരണവും അവര്‍ ഇത് കൊണ്ട് ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

തല്‍പര കക്ഷികളുടെ ഇത്തരം ഒളി അജണ്ടകള്‍ തുറന്ന് കാട്ടികൊണ്ടുള്ള വ്യാപകമായ പ്രചാരണങ്ങള്‍ കൊണ്ട് മാത്രമെ ഇവയെ നേരിടാനാവു എന്നും ഒരു ചോദ്യത്തിന് മറുപടിയായി കഠ്ജു പറഞ്ഞു. മനേക ഗാന്ധിയെ പോലുള്ളവര്‍ പ്രചരിപ്പിക്കുന്നത് വ്യാജമായ വിവരങ്ങളാണെന്ന് പരമാവധി ആളുകളെ അറിയിക്കലാണ് ഇതിന്റെ ഒരു പ്രഥമ പരിഹാരം. ഇത് ഒരു നിയമ പ്രശ്‌നമല്ല, ഐഡിയോളജിയുമായ ബന്ധപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഏതൊരു സമുദായത്തിലും 99 ശതമാനം ആളുകളും വളരെ നല്ല ആളുകള്‍ ആവും, പക്ഷെ, യഥാര്‍ത്ഥ പ്രശ്‌നം എന്ന് പറയുന്നത്, ബാക്കിയുള്ള ആ ഒരു ശതമാനമാണ് 
എന്നായിരുന്നു മനേകാ ഗാന്ധി എന്ത് കൊണ്ടായിരിക്കും ഇത്തരമൊരു പ്രസ്താവന നടത്താനുള്ള കാരണം എന്ന ചോദ്യത്തിന് കഠ്ജു നല്‍കിയ മറുപടി. ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് ശേഷം സമൂഹത്തില്‍ ഒരു വൈഡ് സ്പ്രഡ് കമ്മ്യൂണലിസം ഉണ്ടായിട്ടുണ്ടെന്നും ജസ്റ്റിസ് കഠ്ജു പറഞ്ഞു. അതിനെ കൗണ്ടര്‍ ചെയ്യാന്‍ സത്യത്തിന്റെ വലിയ പ്രചാരണം നടത്തുക എന്നത് തന്നെയാണ് ഏറ്റവും വലിയ മാര്‍ഗം.

ഇന്ത്യ എന്ന് പറയുന്നത് ഒരുപാട് വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യമാണ്. ഈ വൈവിധ്യങ്ങള്‍ എല്ലാം ഒരുമിച്ച് കോണ്ടു പോകാന്‍ അത്യാവശ്യം വേണ്ടത് പരസ്പര ബഹുമാനമാണ്. ഇത് ആദ്യം കാണിച്ച് തന്നത് ദി ഗ്രേറ്റ് എംപറര്‍ അക്ബറാണ്. ആരേയാണോ ഞാന്‍ ദ റിയല്‍ ഫാദര്‍ ഓഫ് ഇന്ത്യ എന്ന് വിശേഷിപ്പിക്കുന്നത്, അതായത് അക്ബറാണ് ഈ ഒരു കാര്യം ആദ്യം കാണിച്ചു തന്നത്. എല്ലാ മതങ്ങളെയും ബഹുമാനിക്കണം, എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു ഇന്ത്യ, അതാണ് അക്ബര്‍ രാജാവ് സ്വപ്‌ന കണ്ട ഇന്ത്യ. അത് കൊണ്ടാണ് ഞാന്‍ അക്ബര്‍ രാജാവിനെ ദ റിയല്‍ ഫാദര്‍ ഓഫ് ഇന്ത്യ എന്ന് വിശേഷിപ്പിക്കുന്നത്. ഈ ഒരു ആശയത്തില്‍ വിശ്വസിച്ചത് കൊണ്ടാണ് മുഗള്‍ രാജഭരണം ഒരുപാട് കാലം ഇന്ത്യയില്‍ നീണ്ടു നിന്നത് എന്നാണ് ഞാന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഉള്‍കൊള്ളിച്ച് കൊണ്ടുള്ള ഭരണമായിരുന്നു മുഗള്‍ ഭരണം.
നമ്മള്‍ പരസ്പര ബഹുമാനത്തോടെ വേണം ഈ രാജ്യത്ത് നിലനില്‍ക്കാന്‍, ഈ രാജ്യം എന്ന് പറയുന്നത് വളരെ വൈവിധ്യങ്ങള്‍ ഉള്‍കൊള്ളുന്നമഹത്തായ രാജ്യമാണ്. പരസ്പര ബഹുമാനമില്ലാതെ ഈ രാജ്യത്തിന് ഒരു ദിവസം പോലും നിലനില്‍പ്പില്ല. മുസ്ലിംകള്‍ എന്ന് പറയുന്നത്, മറ്റു സമൂഹങ്ങളെ പോലെ തന്നെ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും വളര്‍ച്ചക്കും ഒരുപാട് സംഭാവനകള്‍ നല്‍കിയ സമൂഹമാണെന്നും ജസ്റ്റിസ് കഠ്ജു പറഞ്ഞു.

രാജ്യത്ത് ഓരോ ദിവസവും ഒരുപാട് ആനകള്‍ ചെരിയുന്നുണ്ടാവും. എന്നാല്‍, നമ്മള്‍ അതിനേക്കാള്‍ അധികം ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട്. മനുഷ്യന്‍മാര്‍ മരിച്ചു പോവുന്നതിനെ കുറിച്ചാണ്. ഈ ലോക്ക്ഡൗണ്‍ കാരണം എത്ര ആളുകള്‍ നമ്മുടെ രാജ്യത്ത് പട്ടിണി കിടക്കുന്നുണ്ട്, പട്ടിണി മൂലം മരിച്ച് പോവുന്നുണ്ടെന്ന കാര്യത്തെ കുറിച്ചാണ് നാം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും ജസ്റ്റിസ് മാര്‍ക്കണ്ടേയ കഠ്ജു പറഞ്ഞു.

         

No comments: