Friday, June 5, 2015

700 കോടി സ്വപ്നങ്ങള്‍- ഒരൊറ്റ ഗ്രഹം



ന്യൂഡല്‍ഹി: എഴുനൂറു കോടി സ്വപ്നങ്ങള്‍- ഒരൊറ്റ ഗ്രഹം, സൂക്ഷിച്ചു ചെലവഴിക്കുക. ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തില്‍ ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പ്രോഗ്രാം (യു.എന്‍.ഇ.പി) പുറത്തിറക്കിയ സന്ദേശമാണിത്. 1972 മുതലാണ് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. നൂറിലധികം രാജ്യങ്ങള്‍ ഇന്ന് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു.

2050ഓടെ ലോക ജനസംഖ്യ 700 കോടിയില്‍ നിന്ന് 960 കോടിയായി ഉയരുമെന്നാണു പ്രവചനങ്ങള്‍. എന്നാല്‍, നിലവിലെ ഉല്‍പ്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും ക്രമത്തില്‍ മാറ്റം വരുകയുമില്ല. അങ്ങനെ വന്നാല്‍ നിലവിലെ സ്ഥിതിയനുസരിച്ച് മാനവസമൂഹത്തെ ഉള്‍കൊള്ളാന്‍ മൂന്ന് ഗ്രഹങ്ങളെങ്കിലും വേണ്ടിവരുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതിനാല്‍, ബുദ്ധിപരമായും ശ്രദ്ധിച്ചും പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കണമെന്നാണു നിര്‍ദേശം. ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിക്കുന്നത് ഇറ്റലിയാണ്. 

ഭൂമിയെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം വരുത്താനും കര്‍മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക എന്നിവവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ മുഖ്യലക്ഷ്യം. അന്തരീക്ഷത്തിലെ കാര്‍ബണിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും ഓസോണ്‍ പാളിയിലെ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഹരിതഗൃഹ വാതകങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശ്യം. 

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നത് ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്കു കാരണമാവുകയും തന്മൂലം ആഗോളതാപനം ഉണ്ടാവുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഈ വര്‍ഷം, ഇന്ത്യയില്‍ കഠിനമായ ചൂടുകാരണം 2000ലധികം പേരാണു മരിച്ചത്. ഇതില്‍ അധികവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള വൃദ്ധരും ദരിദ്രരുമാണ്. ആഗോളതാപനത്തിന്റെ ഭാഗമായാണ് ഇതു വിലയിരുത്തപ്പെടുന്നത്. 

ആഗോളതാപനം ഭക്ഷ്യ- ജല ലഭ്യതയെ നേരിട്ടു ബാധിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ചൂടു വര്‍ധിച്ചാല്‍ തൊഴിലാളികള്‍ക്ക് സുരക്ഷിതമായി കൃഷിയിടങ്ങളില്‍ ജോലിചെയ്യാന്‍ സാധിക്കാതാവുകയും അവര്‍ മറ്റു വരുമാന മാര്‍ഗങ്ങള്‍ തേടേണ്ടിവരുകയും ചെയ്യും. കാര്‍ഷിക വിളകളുടെ നാശവും ജനസംഖ്യാ വര്‍ധനവും ഭക്ഷ്യസുരക്ഷയെ ബാധിക്കുകയും ആഗോളതലത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ലോകത്ത് ഏകദേശം 100 കോടി ജനങ്ങള്‍ പട്ടിണിയിലും മറ്റൊരു 100 കോടി അര്‍ധപ്പട്ടിണിക്കാരുമാണെന്നാണു കണക്ക്. എന്നാല്‍, ലോകത്ത് 130 കോടി ടണ്‍ ഭക്ഷണസാധനങ്ങളാണ് ഓരോ വര്‍ഷവും പാഴാക്കിക്കളയുന്നത്. ലോകത്തെ നൂറു കോടിയിലധികം ജനങ്ങള്‍ക്ക് കുടിക്കാന്‍ ശുദ്ധജലം ലഭിക്കുന്നില്ലെന്നാണ് റിപോര്‍ട്ട്. 

(ജുണ്‍ 5, 2015ന് തേജസ് ദിനപ്പത്രത്തിന് വേണ്ടി എഴുതിയത്)

No comments: