മലപ്പുറം ജില്ലയിലെ വേങ്ങര പൂച്ചോലമാട് എന്ന സ്ഥലത്ത് കാട്മൂടിക്കിടക്കുന്ന ഒരു കല്ലുവെട്ടുകുഴിയുണ്ട്. നാടിന്റെ സ്വാതന്ത്യ്രം കിനാവു കണ്ട 81 ധീരയോദ്ധാക്കള്‍ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. വിലക്കപ്പെട്ട സ്വാതന്ത്യ്രത്തിനു വേണ്ടി പോരാടി ബ്രിട്ടിഷുകാരന്റെ തോക്കിനുമുന്നില്‍ രക്തംകൊണ്ട് വീരചരിത്രമെഴുതിയവര്‍.
ബ്രിട്ടിഷുകാരോട് വിശുദ്ധസമരത്തിന് ആഹ്വാനം ചെയ്ത മമ്പുറം തങ്ങന്‍മാരുടെ വാക്കുകള്‍ക്ക് രക്തസാക്ഷിത്വത്തിലൂടെ മറുപടി പറഞ്ഞവര്‍. 1921 ഡിസംബര്‍ ഒമ്പതിന്റെ പകലില്‍ വാളും കുന്തവുമായി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ തീ തുപ്പുന്ന തോക്കുകള്‍ക്കു മുന്നിലേക്ക് വാളും വാരിക്കുന്തവുമായി ഓടിയടുത്തവര്‍. സ്വന്തമായി നാണയവും പാസ്പോര്‍ട്ടും അടിച്ചിറക്കി ബ്രിട്ടിഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിക്കാന്‍ ചങ്കൂറ്റം കാണിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പാത തിരഞ്ഞെടുത്തവര്‍. അവസാനം മലപ്പുറം കോട്ടക്കുന്നിലെ കുന്നിന്‍ ചെരുവില്‍ ബന്ധനസ്ഥനാക്കപ്പെട്ട്് നിറതോക്കിനു മുന്നില്‍ കാഞ്ചിവലിക്കുന്നത് കാത്തുനില്‍ക്കുമ്പോഴും ബ്രി ട്ടിഷ് സാമ്രാജ്യത്വ കിങ്കരന്‍മാരുടെ മുഖത്തേക്കു കാര്‍ക്കിച്ചു തുപ്പിയ വാരിയന്‍കുന്നത്തിന്റെ ഓര്‍മകളായിരുന്നു അവരെ നയിച്ചിരുന്നത്.
200 സായുധപോരാട്ടങ്ങള്‍
നാടിനുവേണ്ടി പോരാടി മരിച്ചവരുടെ ഓര്‍മകള്‍ പോലും പവിത്രമാണ്. രക്തസാക്ഷികളുടെ ചരിത്രത്തില്‍ വരുംതലമുറകള്‍ക്ക് നഷ്ടമാവുന്ന സ്വാതന്ത്യ്രത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളുണ്ട്. സ്വാതന്ത്യ്രം കൈവിട്ടുപോവാതെ പൊരുതിനില്‍ക്കേണ്ടതിന്റെ ആവശ്യപ്പെടലുകളുണ്ട്. എന്നാല്‍, രക്തസാക്ഷികളുടെ ഓര്‍മകള്‍ക്കു മീതെ അവഗണനയുടെ കൊടുങ്കാടുകള്‍ പടര്‍ന്നുകിടക്കുകയാണ്.
1850 മുതല്‍ 1922 വരെയുള്ള കാലത്ത് ഇരുനൂറോളം സായുധപോരാട്ടങ്ങളാണ് മലബാറില്‍നിന്നു നേരിടേണ്ടിവന്നതെന്ന് അന്നത്തെ ബ്രിട്ടിഷ് സൈനിക രേഖകള്‍ ഉദ്ധരിച്ച് ചരിത്രകാരന്‍മാര്‍ പറയുന്നുണ്ട്. സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ആദ്യത്തെ ചരിത്രഗ്രന്ഥം മനസ്സില്‍ കൊളുത്തിവച്ച സമരവീര്യം തലമുറകളായി കൈമാറിയ ഒരു സമൂഹത്തിന്, വെളിയങ്കോട് ഉമര്‍ഖാദിയും മമ്പുറം തങ്ങന്‍മാരും തങ്ങളും പ്രഭാഷണങ്ങളിലൂടെ നല്‍കിയ ആത്മവിശ്വാസം മാത്രം മതിയായിരുന്നു സര്‍വായുധസജ്ജരായ ബ്രിട്ടിഷ് പട്ടാളത്തോട് ഏറ്റുമുട്ടാന്‍.
ഏറനാട്ടില്‍ നാട്ടുകാരെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ എല്‍സണ്‍ വൈസി എന്ന ബ്രിട്ടിഷ് സൈനിക കേണലിനെ മഞ്ചേരിയിലൂടെ കുതിരപ്പുറത്ത് സഞ്ചരിക്കുമ്പോള്‍ ചാടിവീണ് വെട്ടിക്കൊലപ്പെടുത്താന്‍ സാധാരണക്കാരനായ ഒരാള്‍ക്ക് ധൈര്യം നല്‍കിയത് ഇതായിരുന്നു. ബ്രിട്ടിഷ് സൈനിക രേഖകളില്‍ യുദ്ധം എന്നു രേഖപ്പെടുത്തിയ പൂക്കോട്ടൂര്‍ സംഭവം ഉള്‍പ്പെടെ ഏറനാട്ടിലും വള്ളുവനാട്ടിലും തിരൂരങ്ങാടി, പൊന്നാനി ഭാഗങ്ങളിലും നടന്ന നൂറുകണക്കിന് ഏറ്റുമുട്ടലുകളില്‍ പതിനായിരങ്ങളാണ് ധീരമരണം പ്രാപിച്ചത്. ഇവരുടെ ഓര്‍മകളുറങ്ങുന്ന ശവകുടീരങ്ങള്‍ സംരക്ഷിക്കപ്പെടാതെ കാടുമൂടിക്കിടക്കുകയാണ്. പൂക്കോട്ടൂര്‍യുദ്ധത്തില്‍ കൊല്ലപ്പെട്ടവരില്‍ ചിലരുടെ അന്ത്യവിശ്രമസ്ഥാനം നിരത്തി അതിനുമുകളില്‍ ഷോപ്പിങ്ങ് കോംപ്ലക്സാണ് പണിതുയര്‍ത്തിയിട്ടുള്ളത്.
നായര്‍കുടുംബത്തെ രക്ഷിച്ച കഥ
വേങ്ങരയ്ക്കടുത്തുള്ള പൂച്ചോലമാടിനു തുല്യമായി ഇന്ത്യന്‍ സ്വാതന്ത്യ്രസമര ചരിത്രത്തില്‍ അധികം ഇടങ്ങളില്ല. ബ്രിട്ടിഷുകാരോട് ഏറ്റുമുട്ടി മരിച്ച 81 പേരെ ഒന്നിച്ച് അടക്കം ചെയ്ത മണ്ണാണിത്. പക്ഷേ, ചരിത്രപുസ്തകങ്ങളില്‍ ഇങ്ങനെയൊരു സ്ഥലത്തെകുറിച്ച് കാണാന്‍പോലും കഴിയില്ല. 81 പേര്‍ ധീരചരമം പ്രാപിച്ച പൂച്ചോലമാട് ഏറ്റുമുട്ടല്‍ ഒരിടത്തും സ്ഥാനം പിടിച്ചിട്ടില്ല. രക്തസാക്ഷികളുടെ കുഴിമാടങ്ങള്‍ക്കു മുകളില്‍ വളര്‍ന്നുനില്‍ക്കുന്ന പാഴ്മരങ്ങളല്ലാതെ ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് മറ്റൊന്നും കാണാനാവില്ല.
1921ലാണ് 81 പേരുടെ മരണത്തിനിടയാക്കിയ പൂച്ചോലമാട് ഏറ്റുമുട്ടല്‍ നടന്നത്. വേങ്ങര പനമ്പുഴ കടവില്‍ കുളിക്കാനെത്തിയ ബ്രിട്ടിഷ് പട്ടാളക്കാരനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നാട്ടുകാര്‍ പട്ടാളക്കാരനെ വധിച്ച് തോക്ക് കൈവശപ്പെടുത്തിയിരുന്നു. ഇത് തിരിച്ചെടുക്കാനും ചേറൂര്‍, പൂച്ചോലമാട് പ്രദേശങ്ങളിലെ ഖിലാഫത്ത് പ്രവര്‍ത്തകരെ പിടികൂടാനുമാണ് 1921ല്‍
അറബിമാസം റബിഉല്‍ അവ്വല്‍ ഒമ്പതിന് ബ്രിട്ടിഷ് സൈന്യം പൂച്ചോലമാട് എത്തിയത്.
മലബാര്‍ കലാപം കത്തിനിന്ന നാളുകളായതിനാല്‍ ഏതുസമയത്തും ബ്രിട്ടിഷ് സൈന്യത്തിന്റെ ആക്രമണമുണ്ടാവുമെന്നു മനസ്സിലാക്കിയ മാപ്പിളമാര്‍ ഹിന്ദുകുടുംബങ്ങളുടെ രക്ഷയ്ക്കുവേണ്ടിയും മുന്‍കരുതലെടുത്തു.
നാട്ടിലെ പ്രമുഖ നായര്‍ തറവാടായ തോന്നിയില്‍ കുടുംബത്തെ സുരക്ഷിതമായി അവരുടെ സ്വദേശമായ കടലുണ്ടിയില്‍ എത്തിച്ചതായി കുടുംബാംഗവും റിട്ട. ബാങ്ക്് ഉദ്യോഗസ്ഥനുമായ തോന്നിയില്‍ വിജയന്‍ പറയുന്നു. വിജയന്റെ മുത്തച്ഛന്‍ തോന്നിയില്‍ ഉണ്ണികൃഷ്ണന്‍ നായരുടെ കാലത്തായിരുന്നു പൂച്ചോലമാട് ഏറ്റുമുട്ടലുണ്ടായത്. തോന്നിയില്‍ കുടുംബാംഗങ്ങളെ എല്ലാവരെയും സുരക്ഷിത സ്ഥലത്തെത്തിച്ച മാപ്പിളമാര്‍ അവരുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തോന്നിപ്പുറായ മഹാദേവ ക്ഷേത്രത്തിന്റെ സംരക്ഷണവും ഏറ്റെടുത്തു. ഉയര്‍ന്ന മതിലും ചുറ്റും ആഴമേറിയ കിടങ്ങുകളുമുണ്ടായിരുന്ന ക്ഷേത്രവളപ്പിനകത്ത് കാപ്പന്‍ അലിക്കുട്ടി, പടകാല്‍ ലവക്കുട്ടി, പടകാല്‍ അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം മാപ്പിളപ്പോരാളികള്‍ ഒത്തുകൂടി. ബ്രിട്ടിഷ് പട്ടാളം ക്ഷേത്രം വളഞ്ഞ് വെടിവയ്പ്പ് തുടങ്ങിയെങ്കിലും നേരത്തേ ബ്രിട്ടിഷ് സൈനികനില്‍നിന്നും കൈവശപ്പെടുത്തിയ തോക്കും കല്ലുകളുമുപയോഗിച്ച് ഏറെ നേരം ചെറുത്തുനിന്നു.
ഇതോടെ തന്ത്രപൂര്‍വം ബ്രിട്ടിഷ് സൈന്യം പിന്‍വാങ്ങി. പക്ഷേ, അവര്‍ സ്ഥലം വിടാതെ കുറച്ചകലെ ഒളിച്ചിരുന്നു. ഏറ്റുമുട്ടല്‍ അവസാനിച്ചെന്നു കരുതിയ പോരാളികള്‍ ക്ഷേത്രവളപ്പിനു പുറത്തിറങ്ങിയതോടെ ബ്രിട്ടിഷ് സൈന്യം അവര്‍ക്കിടയിലേക്ക് ഇരച്ചുകയറുകയായിരുന്നു. വാരിക്കുന്തവും വാളുമായി ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 81 പേരുടെ ജീവന്‍ നഷ്ടമായി.
അലിക്കുട്ടിയുടെ പേരമകന്‍
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ക്ഷേത്രത്തിനടുത്ത് പലയിടങ്ങളിലായി ചിതറിക്കിടന്നു. പ്രദേശത്തുനിന്നും വിട്ടുപോവാതെ നിലയുറപ്പിച്ച ബ്രിട്ടിഷ് സൈന്യം കൊല്ലപ്പെട്ടവരുടെ മൃതദേഹം എടുത്തുമാറ്റാനും അനുവദിച്ചില്ല. ബ്രിട്ടിഷ് പട്ടാളം സ്ഥലംവിട്ടതിനു ശേഷമാണ് അനാഥമായി വഴിയില്‍ ചിതറിക്കിടന്ന നാട്ടുകാരുള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ അവിടെനിന്നു നീക്കിയത്. പൂച്ചോലമാട് നിന്നുള്ളവര്‍ക്കു പുറമെ മറ്റത്തൂര്‍, പാക്കടപ്പുറായി പ്രദേശങ്ങളില്‍നിന്നുള്ള നിരവധിപേരും വല്യുപ്പയോടൊപ്പം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി കാപ്പന്‍ അലിക്കുട്ടിയുടെ പേരമകന്‍ അലിക്കുട്ടി പറഞ്ഞു.
കാപ്പന്‍ അലിക്കുട്ടിയുടെ വീട്ടുവളപ്പിലെ കല്ലുവെട്ടുകുഴിയിലാണ് 81 മൃതദേഹങ്ങളും ഒന്നിച്ചു സംസ്കരിച്ചത്. മൃതദേഹങ്ങള്‍ കുഴിയിലിട്ട് അതിനുമുകളില്‍ 15 പറ നെല്ലുണക്കുന്ന വലിയ പനമ്പ് വിരിച്ച്് അതിനു ശേഷം മണ്ണിട്ടാണ് 81 രക്തസാക്ഷികളെയും സംസ്കരിച്ചത്. ഇതിനു ചുറ്റും മതില്‍ കെട്ടിയെങ്കിലും പിന്നീട് ബ്രിട്ടിഷ് പട്ടാളം ഇത് തകര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ട അലിക്കുട്ടിയുടെ മകന്‍ മുഹമ്മദ് മുസ്ല്യാരുടെ മകനായ അലിക്കുട്ടിയുടെ വീടിനോടു ചേര്‍ന്നാണ് രക്തസാക്ഷികളെ അടക്കം ചെയ്ത കല്ലുവെട്ടുകുഴിയുള്ളത്.
ചരിത്രം കാവല്‍ നില്‍ക്കുന്ന ഇവിടം അപരിചിതര്‍ക്ക് തിരിച്ചറിയാന്‍ ഒരു അടയാളവുമില്ല. പ്രദേശവാസികള്‍ക്കല്ലാതെ മറ്റുള്ളവര്‍ക്ക് ഇങ്ങനെയൊരു കൂട്ടക്കുഴിമാടത്തെ കുറിച്ച് യാതൊരു വിവരവുമില്ല. സാമ്രാജ്യത്വശക്തികളെ ചെറുക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ച 81 പേരുടെ ഓര്‍മകള്‍ പോലും അന്യംനിന്നുപോവുന്നതിന്റെ വേദനാജനകമായ അടയാളമാണ് ഈ കല്ലുവെട്ടുകുഴി.
വാഗണ്‍ ട്രാജഡി, പൂക്കോട്ടൂര്‍ യുദ്ധം, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ലവക്കുട്ടിയും നേതൃത്വം നല്‍കിയ ഒട്ടനവധി പോരാട്ടങ്ങള്‍, പയ്യനാട് അത്തന്‍കുരിക്കള്‍ നടത്തിയ ചരിത്രത്തില്‍ ഇനിയും ഇടം നേടാത്ത ഏറ്റുമുട്ടലുകള്‍, ചേറൂരിലും പൂച്ചോലമാടും നടത്തിയ ചെറുത്തുനില്‍പ്പുകള്‍ തുടങ്ങി രക്തം കിനിയുന്ന നൂറുകണക്കിന് സംഭവങ്ങളാണ് മലബാറില്‍ ബ്രിട്ടിഷുകാര്‍ക്കെതിരേ ഉണ്ടായത്. ഇവയില്‍ കൊല്ലപ്പെട്ടവരുടെ ഖബറിടങ്ങള്‍ മാത്രമാണ് മുന്‍തലമുറയുടെ ഓര്‍മ നിലനിര്‍ത്താനുള്ളത്. പൂക്കോട്ടൂര്‍ യുദ്ധത്തിലുള്‍പ്പെടെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ പുരുഷന്‍മാരില്ലാത്തതിനാല്‍ സ്ത്രീകള്‍ കുഴികളില്‍ ഒന്നിച്ചിട്ട് മറവു ചെയ്യുകയായിരുന്നുവെന്ന് ചരിത്രപണ്ഡിതന്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് പറയുന്നു. ഇത്തരം കൂട്ടക്കുഴിമാടങ്ങള്‍ മലപ്പുറം, വേങ്ങര, കൊണേ്ടാട്ടി ഭാഗങ്ങളിലെ പല വീട്ടുവളപ്പുകളിലുമുണ്ട്.
പിലാക്കലിലെ കുഴിമാടങ്ങള്‍
പൂക്കോട്ടൂര്‍ പിലാക്കലില്‍ അഞ്ചിടങ്ങളിലാണ് പൂക്കോട്ടൂര്‍ യുദ്ധ രക്തസാക്ഷികളെ ഒന്നിച്ചടക്കിയ കൂട്ടക്കുഴിമാടങ്ങളുള്ളത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയോടു ചേര്‍ന്ന് പൂക്കോട്ടൂരിലുള്ള കൂട്ടക്കുഴിമാടമാണ് പേരിനെങ്കിലും സംരക്ഷിച്ചിട്ടുള്ളത്. ബാക്കിയുള്ളവ തെങ്ങിന്‍കുഴിയായും കാടുപിടിച്ചും കിടക്കുകയാണ്. പൂക്കോട്ടൂര്‍ പിലാക്കലിലെ പരി അലവിക്കുട്ടിഹാജിയുടെ വീട്ടുവളപ്പിലുള്ള കുഴിയില്‍ നാല്‍പ്പതിലധികം രക്തസാക്ഷികളെയാണ് ഒന്നിച്ചു സംസ്കരിച്ചത്. അലവിക്കുട്ടി ഹാജിയുടെ 13 ബന്ധുക്കളും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നവരിലുണ്ട്. പാലക്കല്‍ മായിന്‍കുട്ടിഹാജിയുടെ വീട്ടുവളപ്പിലെ കുഴിമാടത്തിലും നിരവധിപേരെ ഒന്നിച്ചു സംസ്കരിച്ചിട്ടുണ്ട്. പി.എം. കുഞ്ഞാലന്‍ ഹാജിയുടെ വീടിനോടു ചേര്‍ന്നുള്ള ഖബറിടത്തില്‍ നാല്‍പ്പതിലധികം പേരെ ഒന്നിച്ചു സംസ്കരിച്ചതായി അദ്ദേഹം പറഞ്ഞു. കുഞ്ഞാലന്‍ഹാജിയുടെ വല്യുപ്പ കുഞ്ഞാലന്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും വെടിയേല്‍ക്കാതെ രക്ഷപ്പെട്ടതാണ്. പൂക്കോട്ടൂര്‍ പിലാക്കലിലെ അഞ്ചു കൂട്ടക്കുഴിമാടങ്ങളിലായി 350തോളം രക്തസാക്ഷികളെയാണ് ഖബറടക്കിയത്. പൂക്കോട്ടൂരുള്ളവര്‍ക്കു പുറമെ മലപ്പുറം, ആനക്കയം, മഞ്ചേരി, പാണ്ടിക്കാട്, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും രക്തസാക്ഷികളിലുണ്ട്.
കെ.എന്‍ നവാസ് അലി (തേജസ് ദിനപ്പത്രം)
No comments:
Post a Comment