അമേരിക്കയിലെ കാലഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചാണ് സൗത്ത് ആഫ്രിക്കയിലെ കേപ്ടൗണിലേക്ക് പോകാന്‍ അവസരം ലഭിച്ചത്. കഴിഞ്ഞ 14 വര്‍ഷമായി വര്‍ഷംതോറും വിക്കിമീഡിയ സംഘടിപ്പിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന്‍ പദ്ധതി ഉപയോക്താക്കളുടെ സമ്മേളനമായ വിക്കിമാനിയയില്‍ പങ്കെടുക്കാന്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ജൂലൈ 15ന് കാലത്ത് 1.45നുള്ള റുവാണ്ട എയര്‍ വിമാനത്തില്‍ മുംബൈയില്‍ നിന്ന് യാത്ര തിരിച്ചത്.
ജൂലൈ 14ന് വൈകുന്നേരം 06:15നുള്ള ജെറ്റ് എയര്‍വേഴ്‌സില്‍ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതു മണിയോടെ മുംബൈയിലെത്തി. രാത്രി ഒന്നേമുക്കാലിന് മുംബൈയില്‍ നിന്ന് പുറപ്പെടുന്ന റുവാണ്ടാ എയറിന്റെ ഡബ്ല്യു ബി 501 വിമാനത്തിലാണ് എനിക്ക് റുവാണ്ടയുടെ തലസ്ഥാനമായ കിഗാലി വഴി ക്യാപ് ടൗണിലേക്ക് പറക്കേണ്ടത്. ആഫ്രിക്കന്‍ പ്രാദേശിക സമയമായ രാവിലെ 5.15ഓടെ ഏഴു മണിക്കൂര്‍ ആകാശ യാത്ര പൂര്‍ത്തിയാക്കി ഞങ്ങളുടെ വിമാനം കിഗാലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങി. ഇന്ത്യയും ആഫ്രിക്കയും തമ്മില്‍ മൂന്നര മണിക്കൂര്‍ സമയ വ്യത്യാസമുണ്ട്. ഇന്ത്യന്‍ സമയത്തേക്കാള്‍ മൂന്നര മണിക്കൂര്‍ പിറകിലാണ് ആഫ്രിക്കന്‍ രാജ്യങ്ങളായ റുവാണ്ടയും സൗത്ത് ആഫ്രിക്കയും. ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിന് കണ്ടുവരുന്ന വലിയ ആര്‍ഭാടങ്ങളും കൂറ്റന്‍ കെട്ടിടങ്ങളൊ ഒന്നും തന്നെ കിഗാലി അന്താരാഷ്ട്ര വിമാനത്താവളത്തിനില്ല. നമ്മുടെ നാട്ടിലെ ഒരു വൃത്തിയും വെടുപ്പുമുള്ള ബസ് സ്റ്റാന്റ് കെട്ടിടം പോലെ മാത്രം തോന്നിപ്പിക്കുന്നത്. വിശാലമായ വൃത്തിയുള്ള റണ്‍വേയില്‍ ഞങ്ങളുടെ വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ ഒന്നോ രണ്ടോ ചെറിയ റുവാണ്ട എയറിന്റെ വിമാനങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, യാത്രക്കാരുടെ ബെല്‍റ്റും ഷൂവും കോട്ടും ജാക്കറ്റുമടക്കം എല്ലാം അഴിച്ച് സ്‌കാനറിലിട്ടുള്ള വന്‍ സുരക്ഷാ പരിശോധനയാണ് ഇവിടെ അലോസരമായി തോന്നിയത്. മുസ്ലിംകള്‍ക്ക് നിസ്‌കരിക്കാനുള്ള സ്ഥലവും ഈ വിമാനത്താവളത്തിനുള്ളിലുണ്ട്. ഇവിടെ, നിന്ന് സുബ്ഹി -പ്രഭാത നിസ്‌കാരം നിര്‍വഹിച്ചു. കിഗാലിയില്‍ നിന്ന് ക്യാപ് ടൗണിലേക്കുള്ള റുവാണ്ട എയറിന്റെ അടുത്ത വിമാനം റുവാണ്ടന്‍ സമയം 8:20നായിരുന്നു. റുവാണ്ട എയറിന്റെ ഡബ്ല്യു ബി 110ലായിരുന്നു അവിടെ നിന്നുള്ള ഞങ്ങളുടെ യാത്ര. കിഗാലിയില്‍ നിന്നുള്ള റുവാണ്ട എയര്‍ പറന്നത് സിംബാബ്‌വേയുടെ തലസ്ഥാനമായ ഹരാറേ വഴിയായിരുന്നു. കിഗാലിയില്‍ നിന്നും രണ്ടു മണിക്കൂറും 40 മിനിറ്റും പറന്ന് 11മണിയോടെ ഹരാറെയിലെ റോബേര്‍ട് ഗബ്രയേല്‍ മുഗാബെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ക്യാപ് ടൗണിലേക്കുള്ള യാത്രക്കാരെയും കയറ്റി വിമാനം ക്യാപ് ടൗണ്‍ ലക്ഷ്യമാക്കി പറന്നു. കിഗാലിയില്‍ നിന്ന് മൊത്തം ആറര മണിക്കൂര്‍ ആകാശ യാത്ര നടത്തി വൈകുന്നേരം മൂന്നു മണിയോടെ ഞങ്ങള്‍ യാത്ര ചെയ്ത ഡബ്ല്യു ബി 110 വിമാനം ക്യാപ് ടൗണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി.
വളരെ ലളിതവും മാന്യവുമായ പെരുമാറ്റത്തോടെ അനാവശ്യ ചോദ്യങ്ങള്‍ ഒന്നുമില്ലാതെ നീണ്ട ക്യൂ ഇല്ലാതെ പാസ്‌പോര്‍ട്ട് പരിശോധന പൂര്‍ത്തിയാക്കി മിനിറ്റുകള്‍ക്കകം ഞാന്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങി. കേപ് ടൗണിലെ ശുദ്ധ ജല ദൗര്‍ലഭ്യം വ്യക്തമാക്കുന്ന പരസ്യങ്ങളും വെള്ളം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്ന പരസ്യങ്ങളാണ് എയര്‍പോര്‍ട്ടില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഫെബ്രുവരിയില്‍ ഈ നഗരം മുഴുവന്‍ വരി നില്‍ക്കുകയായിരുന്നു. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇന്ത്യയിലെ എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്‍പില്‍ നാം വരി നിന്നത് പോലെ.. എന്നാല്‍, ഇവരുടെ ഓരോ വരികളും അവസാനിച്ചിരുന്നത് ഓരോ പൊതു ടാപ്പുകളുടെ ചുവട്ടിലൊ വെള്ള ടാങ്കുകള്‍ക്കു മുന്നിലോ ആയിരുന്നു; കുടിവെള്ളത്തിന് വേണ്ടി. മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു ഉപദ്വീപാണ് കേപ് ടൗണ്‍ എന്ന കാര്യം കൂടി ഓര്‍ക്കണം.
49 ലിറ്റര്‍ ശുദ്ധ ജലമായിരുന്നു ദേശീയ ദുരന്തമായി പ്രഖ്യാപിച്ച ഈ നാളുകളില്‍ ഒരു ദിവസം ഒരാള്‍ക്ക് അനുവദിച്ചിരുന്ന വെള്ളത്തിന്റെ അളവ്. . ഏറ്റവും കുറച്ച് വെള്ളം ഉപയോഗിച്ച് ജീവിക്കാന്‍ കേപ് ടൗണ്‍ നഗരവാസികള്‍ ശീലിച്ചിരിക്കുന്നു. വിമാനത്താവളത്തിലെ ബാത്ത് റൂമുകളിലെ വാഷ് ബെയ്‌സിനുകളിലെ പൈപ്പുകളില്‍ നിന്ന് വരുന്നത് വെള്ളത്തിന്റെ കാറ്റാണെന്ന് തോന്നിപ്പിക്കുന്ന അത്രയും ചെറിയ തോതില്‍ വെള്ളം സ്േ്രപ ചെയ്യുകയായിരുന്നു. തിളക്കുന്ന വെള്ള പാത്രത്തിന് മുകളില്‍ നിന്ന് പൊങ്ങുന്ന നീരാവിയില്‍ കൈകാണിച്ചാല്‍ കയ്യില്‍ ഉണ്ടാവുന്ന നനവ് മാത്രമെ ഇവിടത്തെ പൈപ്പുകള്‍ തുറന്ന് കൈകാണിച്ചാല്‍ ഉണ്ടാവു. ബാത്ത് റൂമുകളില്‍ വെള്ള ടാപ്പുകള്‍ ഇല്ല. മൂത്രമൊഴിച്ചതിന് ശേഷം വെള്ളകൊണ്ട് ശുദ്ധിയാക്കാന്‍ സൗകര്യമില്ല- ടിഷ്യു പേപ്പര്‍ മാത്രം. ബാത്ത് റൂം ശുചീകരണ തൊഴിലാളിയോട് കാര്യം പറഞ്ഞപ്പോള്‍ നൂറു മില്ലിയുടെ കാലിയായ ഒരു വെള്ള കുപ്പിയില്‍ ഒരു 25 മില്ലി വെള്ളം വാഷ് ബെയ്‌സിനിലെ പൈപ്പ് തുറന്ന് വളരെ സൂഷ്മമായി എടുത്തു തന്നു. വെള്ളം സ്‌പ്രെ ചെയ്യുന്നത് കാരണം വളരെ സമയമെടുത്താണ് ആ കുപ്പിയില്‍ അദ്ദേഹം അത്രയും വെള്ളം നിറച്ചത്. കാര്യം സാധിച്ച് പുറത്തിറങ്ങിയ എന്നെ സമീപിച്ച അദ്ദേഹം ടിപ്പ് ആവശ്യപ്പെട്ടു. എന്റെ കയ്യില്‍ സൗത്ത് ആഫ്രിക്കന്‍ കറണ്‍സിയായ റാന്‍ഡ് ഇല്ലെന്നും, ഞാന്‍ പണം മാറിയിട്ടില്ലെന്നും അദ്ദേഹത്തെ അറിയിച്ചു. ഇന്ത്യന്‍ റുപീസ് തരാമെന്ന് ഞാന്‍ പറഞ്ഞെങ്കിലും അദ്ദേഹത്തിന് വോണ്ടിയിരുന്നത് ഡോളറായിരുന്നു. ഇന്ത്യന്‍ രൂപ വാങ്ങാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. അഞ്ചര ഇന്ത്യന്‍ രൂപ കൊടുത്താലെ ഒരു റാന്‍ഡ് ലഭിക്കുകയുള്ളു. ഞാന്‍ ബാത്ത് റൂമില്‍ നിന്നിറങ്ങി നിസ്‌കരിക്കാനുള്ള സ്ഥലം എന്നെഴുതിയ ബോര്‍ഡ് ലക്ഷ്യമാക്കി നടന്നു. എയര്‍പേര്‍ട്ടിനോട് ചാരിയുള്ള ഒരു പള്ളിയുടെ എല്ലാ സൗകര്യങ്ങളോടും കൂടിയ നിസ്‌കാര മുറിയില്‍ ഞാനെത്തി. അവിടെ ഞാന്‍ ആദ്യം ചെയ്തത് ചുമരില്‍ പതിച്ച് വെച്ചിരുന്ന സൗത്ത് ആഫ്രിക്കയിലെ ബാങ്ക് സമയം എന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഇനി അടുത്ത 10 ദിവസം എനിക്ക് ഇത് അത്യാവശ്യമാണല്ലോ. നിസ്‌കരിക്കാനായി വുളു എടുക്കാനായി (അംഗ ശുദ്ധി) പെപ്പു തുറന്നപ്പോഴും നേരത്തെ പറഞ്ഞ നീരാവിയാണ് വരുന്നത്. ഫുള്‍ സ്പീഡില്‍ പൈപ്പ് തുറന്ന് നാലും അഞ്ചു ലിറ്റര്‍ വെള്ളം ദൂര്‍ത്തടിച്ച് വുളു എടുക്കുന്ന നമ്മുക്ക് ഇത് അലോസരമായി തോന്നും. കൈയ്യും മുഖവും നനഞ്ഞു വെന്ന് വരുത്തി തീര്‍ക്കാന്‍ മാത്രമെ ഇവിടെ നമുക്ക് സാധിക്കൂ. വുളുവിന്റെ വെള്ളം നനഞ്ഞ ഭാഗത്ത് നിന്ന് ഒരു തുള്ളി വെള്ളം പോലും ഒലിച്ചു പോകാനില്ലെന്ന് പറഞ്ഞാല്‍ അത്ഭുത പേടേണ്ടതില്ല.
ളുഹര്‍, അസര്‍ നിസ്‌കാരങ്ങള്‍ ചുരുക്കി നിസ്‌കരിച്ച് പുറത്തിറങ്ങാന്‍ സമയത്ത് ഒരാള്‍ പള്ളിയിലേക്ക് കയറിവന്നു. സലാം ചൊല്ലി പരിചയപ്പെട്ടു. വിമാനത്താവളത്തില്‍ ടാക്‌സി സര്‍വ്വീസ് നടത്തുന്ന ജുനൈദ് മുസ്തഫയുമായി ഞാന്‍ പെട്ടൊന്ന് ചങ്ങാത്തത്തിലായി. എനിക്ക് പോകാനുള്ള സ്ഥലത്തേക്ക് ടാക്‌സിക്ക് എത്രയാകുമെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. 250 റാന്‍ഡെന്ന് അദ്ദേഹം മറുപടി പറഞ്ഞു. വിക്കിമാനിയ കോണ്‍ഫ്രന്‍സ് നടക്കുന്ന സതേണ്‍ സണ്‍ കേപ് സണ്‍ ഹോട്ടലിലേക്ക് വിമാനത്താവളത്തില്‍ നിന്ന് 20 കിലോ മീറ്ററില്‍ താഴെ മാത്രമെ ദൂരമുള്ളു. ക്യാപ് ടൗണിലേക്ക് പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ ടേബിള്‍ മൗന്റേണ്‍ ( ടേബിള്‍ പര്‍വ്വതം) സമീപമാണ് ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്. വിമാനത്താവളത്തില്‍ നിന്ന് കാല്‍നടയായി യാത്ര ചെയ്യാനായിരുന്നു എന്റെ പദ്ധതി. അക്കാര്യം ഞാന്‍ ജുനൈദ് മുസ്തഫയുമായി സംസാരിച്ചു. അദ്ദേഹം അതിന് സമ്മതിച്ചില്ല. എയര്‍പോര്‍ട്ടില്‍ നിന്ന് അങ്ങകലെ കാണുന്ന ടേബിള്‍ മൗന്റേണ്‍ ചൂണ്ടി കാണിച്ച് അദ്ദേഹം പറഞ്ഞു. ആ മലയുടെ താഴ്‌വാരത്താണ് നിങ്ങള്‍ക്ക് താമസിക്കേണ്ട ഹോട്ടല്‍. ഇവിടെ നിന്ന് കാല്‍ നടയാത്രയായി പോവുകയാണെങ്കില്‍ ചുരുങ്ങിയത് നാലു മണിക്കൂറെങ്കിലും എടുക്കും. 250 റാന്‍ഡ് തന്നാല്‍ 15 മിനിറ്റ് കൊണ്ട് ഞാന്‍ നിങ്ങളെ അവിടെ എത്തിക്കാമെന്നായി അദ്ദേഹം. ആഫ്രിക്കന്‍ ഭാഷയ്ക്കും പുറമെ അറബി ഭാഷയും ഇംഗ്ലീഷും വശമുള്ള അദ്ദേഹം പരമാവധി അറബിയിലാണ് എന്നോട് സംസാരിച്ചത്. ഇന്ത്യയിലെ മുസ്ലിംകള്‍ക്കെല്ലാം അറബി അറിയുമെന്നാണ് അദ്ദേഹം ധരിച്ച് വെച്ചിരിക്കുന്നത്. ക്യാപ് ടൗണിലെ കാഴ്ചകള്‍ കണ്ട് നടന്ന് ഹോട്ടലിലെത്താമെന്ന് കരുതിയ എന്നെ അദ്ദേഹത്തിന്റെ പെരുമാറ്റം ടാക്‌സിയില്‍ പോകാന്‍ നിര്‍ബന്ധിതനാക്കി. വിമാനത്താവളത്തിന്റെ പുറത്ത് നിന്ന് മൈ സിറ്റി എന്ന പേരില്‍ ബസ് സര്‍വ്വീസ് ഉണ്ടെങ്കിലും അത് ഹോട്ടലിന്റെ ഏകദേശം ഒന്നര കിലോ മീറ്റര്‍ ഇപ്പുറമുള്ള സിവിക് സെന്റര്‍ വരെയെയുള്ളു. നമ്മുടെ നാട്ടില്‍ മെട്രോയില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള സ്മാര്‍ട് കാര്‍ഡാണ് ഈ ബസ്സുകളില്‍ ഉപയോഗിക്കുന്നത്. ഇത്രയും സ്ഥലം യാത്രചെയ്യണമെങ്കില്‍ 35 റാന്‍ഡ് നല്‍കി മൈ സിറ്റിയുടെ മാസ്റ്റര്‍ കാര്‍ഡെടുത്ത് 98 റാന്‍ഡ് റീ ചാര്‍ജ് ചെയ്യണം. അതെല്ലാം കണക്കു കൂട്ടി നോക്കിയപ്പോള്‍ എനിക്ക് തോന്നി എന്തായാലും അറബിയും ഇംഗ്ലീഷും കൂട്ടി കലര്‍ത്തി സംസാരിക്കുന്ന ഒരു കൂട്ടുക്കാരനെ കിട്ടിയതല്ലെ ജുനൈദിന്റെ ടാക്‌സിയില്‍ തന്നെ പോകാമെന്ന്. അദ്ദേഹത്തെ ഞാന്‍ പരമാവധി ഗൈഡായി ഉപയോഗപ്പെടുത്തി കാര്യങ്ങള്‍ എല്ലാ ചോദിച്ചറിയുകയും ചെയ്തു. വിമാനത്താവളത്തില്‍ തന്നെയുള്ള ഒരു എടിഎമ്മില്‍ നിന്ന് ഞാന്‍ എന്റെ എസ്ബിഐ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് 500 റാന്‍ഡ് പിന്‍വലിച്ചു. 2647.04 രൂപ അക്കൗണ്ടില്‍ പിന്‍വലിച്ചതായി ഉടന്‍ തന്നെ മൊബൈലില്‍ മെസ്സേജും വന്നു. ഈ ഇടപാടിന് രണ്ടു തവണയായി 227.33 പൈസയാണ് എസ്ബിഐ (118, 109.33) സര്‍വ്വീസ് ചാര്‍ജായി ഈടാക്കിയത്.
വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കുള്ള യാത്രയില്‍ ജുനൈദ് മുസ്തഫ, സുന്ദരമായി വൃത്തിയോടെ കാത്തു സൂക്ഷിച്ചിരിക്കുന്ന റോഡിന്റെ ഇരു വശങ്ങളിലേയും ഓരോ പ്രദേശങ്ങളെയും കുറിച്ച് വിശദീകരിച്ച് തന്നു. ഇടയ്ക്ക് താന്‍ താമസിക്കുന്ന പ്രദേശവും അദ്ദേഹം ചൂണ്ടിക്കാണിച്ചു തന്നു. വിവിധ വര്‍ണങ്ങള്‍ പൂശിയ വീടുകളും ഭംഗിയായി സംവിധാനിച്ചിരിക്കുന്ന പുല്‍മേടുകളുമാണ് റോഡുകള്‍ക്ക് ഇരുവശവും. ക്യാപ്ടൗണിലെ ഫൂട്പാത്തിലൂടെ കണ്ണുംചിമ്മി നടക്കാമെന്നതാണ് ഡല്‍ഹിയെ അപേക്ഷിച്ചുള്ള പ്രധാന പ്രത്യേകത. മാന്‍ഹോളുകളില്‍ വീഴുകയോ മനുഷ്യ വിസര്‍ജ്യത്തില്‍ ചവിട്ടുകയോ ചെയ്യില്ല. ഡല്‍ഹിയില്‍ രാജ്യത്തെ പ്രധാന സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങള്‍ക്ക് മുന്നിലൂടെ പോലും ഇവ രണ്ടിനേയും പേടിക്കാതെ നടക്കാനാവില്ലല്ലോ!
തുടരും...
No comments:
Post a Comment