I am praying for the light, that will dispel the darkness. let those who have living faith in non-violence, join me in the prayer - MK Gandhi.
അന്ധകാരത്തെ ദൂരീകരിക്കുന്ന വെളിച്ചത്തിന് വേണ്ടിയാണ് എന്റെ പ്രാര്‍ഥന. അഹിംസയില്‍ വിശ്വസിക്കുന്നവര്‍ക്ക് എന്നോടൊപ്പം ചേരാം - മഹാത്മാ ഗാന്ധി.
ബിര്‍ള ഭവന്‍, ബിര്‍ള ഹൗസ് എന്ന പേരിലൊക്കെ അറിയപ്പെടുന്ന ഡല്‍ഹിയിലെ ഗാന്ധി സ്മൃതി, സന്ദര്‍ശകരെ സ്വീകരിക്കുന്നത് രാഷ്ട്പിതാവ് മഹാത്മാഗാന്ധിയുടെ ഈ മഹദ് വചനങ്ങള്‍ ഓര്‍മ്മപ്പെടുത്തിയാണ്.
ന്യൂഡല്‍ഹിയിലെ തീസ് ജനുവരി (30 ജനുവരി) റോഡിലെ (പഴയ പേര് അല്‍ബേഖര്‍ഖ് റോഡ്) ഇതേ സ്ഥലത്ത് വെച്ചാണ് 1948 ജനുവരി 30ന് ആ മഹാത്മാവിനെ ഇറ്റാലിയന്‍ നിര്‍മ്മിത കൈത്തോക്കില്‍ നിന്ന് തുപ്പിയ മൂന്ന് വെടിയുണ്ടകള്‍ നിശ്ചലനാക്കിയത്.
കൊല്ലപ്പെടുന്നതിനു മുന്‍പുള്ള അവസാന 144 ദിവസങ്ങള്‍ മഹാത്മജി കഴിച്ചുകൂട്ടിയത് ഇവിടെയായിരുന്നു. 1947 സെപ്തംബര്‍ ഒമ്പതു മുതല്‍ 1948 ജനുവരി 30ന് രക്തസാക്ഷിത്വം വരിക്കുന്നത് വരെ മഹാത്മജി ഇവിടെ വസിച്ചു. ന്യൂഡല്‍ഹിയിലെ ഹൃദയ ഭാഗമായ കൊണാട്ട് പ്ലേസില്‍ നിന്ന് കേവലം ഒന്നര കിലോ മീറ്റര്‍ ദുരമാണിങ്ങോട്ട്. ബിര്‍ള ഹൗസിന് ഏറ്റവും അടുത്തുള്ള പ്രമുഖ മെട്രോ സ്‌റ്റേഷന്‍ രാജീവ് ചൗക്കാണ്. വ്യവസായ പ്രമുഖരായ ബിര്‍ള കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമായിരുന്നു ഇത്. 1928ല്‍ ഘനശ്യാമ ദാസ് ബിര്‍ളയാണ് ഇതിന്റെ പണികയിപ്പിച്ചത്. അതിനാലാണ് ബിര്‍ള ഹൗസ് എന്ന് ഇത് അറിയപ്പെട്ടത്. മഹാത്മ ഗാന്ധി ഉപയോഗിച്ച ചര്‍ക്ക മുതല്‍ വീട്ടുപകരണങ്ങള്‍ വരെ ഇന്നിവിടെ അതീവ കരുതലോടെ സൂക്ഷിക്കുന്നുണ്ട്. സ്വദേശികളും വിദേശികളും അടക്കം നിരവധി പേരാണ് ഓരോ ദിവസവും ഇവിടം സന്ദര്‍ശിക്കുന്നത്. 1971ലാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് ബിര്‍ള ഹൗസ് ബിര്‍ള കുടുംബത്തില്‍ നിന്ന് 54 ലക്ഷം രൂപ നല്‍കി ഏറ്റെടുത്തത്. 1973 ലെ സ്വാതന്ത്ര്യ ദിനത്തില്‍-ഓഗസ്റ്റ് 15ന് ഇത് മ്യൂസിയമായി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഇതോടെ ഈ കെട്ടിടത്തിന്റെ പേര് ഗാന്ധി സ്മൃതി എന്നാക്കി. ഗാന്ധിജിക്ക് വെടിയേറ്റ സ്ഥലത്ത് ഒരു സ്തൂപം പണിത് സൂക്ഷിച്ചിട്ടുണ്ട്. ചുട്ട കളിമണ്ണ് കൊണ്ടുണ്ടാക്കിയ പാവങ്ങള്‍ വെച്ച് മഹാത്മാ ഗാന്ധിയുടെ ജീവിതം ചിത്രീകരിച്ചിട്ടുണ്ട് ഇവിടെ. ഉച്ചയ്ക്ക് ഒരു മണിക്കും ഒന്നരയ്ക്കുമിടയില്‍ മള്‍ട്ടി മീഡിയയുടെ സഹായത്തിലുള്ള പ്രദര്‍ശനം കാണാന്‍ നല്ല ജനത്തിരക്കാണ് അനുഭവപ്പെടുക.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു-1948 ജനുവരി 30, വൈകുന്നേരം അഞ്ചു മണി കഴിഞ്ഞ് പത്ത് മിനിറ്റ് പിന്നിട്ട സമയം, ബിര്‍ള ഹൗസിന് മുന്നിലെ മൈതാനത്ത് പ്രാര്‍ത്ഥനക്കെത്തിയവര്‍ക്കും അനുയായികള്‍ക്കും ഇടയില്‍ നിന്ന് കൈയ്യെത്തും ദൂരത്ത് നിന്ന് നാഥുറാം വിനായക് ഗോഡ്‌സെ എന്ന ക്രൂരനായ കൊലയാളി ഒരു രാജ്യത്തിന്റെ 'മഹത്തായ ആത്മാവിനെ' വെടിവെച്ച് വീഴ്ത്തിയ ദിവസം.
ഇറ്റാലിയന്‍ നിര്‍മിത ബെരേറ്റ-എം മോഡല്‍ റിവോള്‍വറില്‍ നിന്ന് പാഞ്ഞ മൂന്നു വെടിയുണ്ടകള്‍ ബാപ്പുജിയുടെ നെഞ്ചകം തുരന്ന് കടന്നുപോയി. ഹേ റാം, ഹേ റാം എന്നുച്ചരിച്ച് കൊണ്ട് കൊലയാളിക്ക് നേരെ ഇരു കൈകളും കൂപ്പികൊണ്ട് ഗാന്ധിജി പിടഞ്ഞുവീണു. ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ഏടായി, ചരിത്ര വിദ്യാര്‍ത്ഥികള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പടാത്ത വായിക്കാന്‍ ആഗ്രഹിക്കാത്ത ചരിത്രം. ഈ മണ്ണില്‍ കാലുക്കുത്തുന്നവര്‍ ഒരിറ്റ് കണ്ണീരും ഒരു നൂറ്റാണ്ടിന്റെ ചരിത്ര സ്മൃതികളുമായാണ് ഇവിടെ നിന്ന് പടിയിറങ്ങിപോവുന്നത്. ബിര്‍ളാ ഭവനില്‍ എത്തുന്നവര്‍ക്ക് തീര്‍ച്ചയായും അവിടെ തങ്ങളുടെ പ്രിയപ്പെട്ട ബാപ്പുജിയെ കാണാനാവും. ആ മഹാത്മാവ് ഉപയോഗിച്ച എല്ലാ ശേഷിപ്പുകളും അവിടെ ഭദ്രമായുണ്ടെന്നത് തന്നെ കാരണം. ബിര്‍ള ഭവനിലൂടെ, ചരിത്രത്തിന്റെ ഇന്നലെകളിലൂടെ കണ്ണ് ഓടിച്ച് പോകുന്ന ഓരോ ചരിത്ര കുതുകിയും അടുത്ത നിമിഷം, ഈ കെട്ടിടത്തിന്റെ അടുത്ത മുറിയില്‍, ആരോടൊ സംസാരിച്ച് കൊണ്ടിരിക്കുന്നവനായി, അല്ലെങ്കില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നവനായി, താന്‍ തന്റെ ബാപ്പുജിയെ കാണുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് മൃദുവായ ഓരോ ചുവടും വെക്കുക.
ഗാന്ധിജിയുടെ ഭൗതിക ശരീരം അന്ത്യ സംസ്‌കാരത്തിനായി യമുന തീരത്തുള്ള രാജ്ഘട്ടിലേക്ക് എത്തിച്ച ഗണ്‍ കാര്യേജ് വാഹനം വര്‍ഷങ്ങളായി ചരിത്രത്തിന്റെ മൂക സാക്ഷിയായി ഇവിടെയുണ്ട്. ദീര്‍ഘകാലം ഉപയോഗിക്കാത്തതിനാല്‍ എന്‍ജിന്‍ എല്ലാം തുരുമ്പെടുത്ത് ഇനി ഒരിക്കലും പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥയിലാണെങ്കിലും ആ മഹാനുഭാവനെ അവസാനമായി വഹിച്ച തലയെടുപ്പോടെ ചരിത്രത്തിന്റെ ഭാഗമായി ഇന്നും നിലനില്‍ക്കുന്നു.
തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 10 മണിമുതല്‍ വൈകുന്നേരം അഞ്ചു മണിവരെ പൊതുജനങ്ങള്‍ക്ക് ഗാന്ധി സ്മൃതിയിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്.
2019 ഒക്ടോബര്‍ രണ്ടിന് ആ മഹാത്മാവിന്റെ 150ാം ജന്മദിന വാര്‍ഷികമാണ്.. ഗാന്ധിജിയെ നേരില്‍ കണ്ട അനുഭൂതിയുമായി ബിര്‍ളാ ഹൗസില്‍ നിന്ന് പുറത്തുകടയ്ക്കുമ്പോള്‍ നമ്മുടെ ശ്രദ്ധയില്‍ വരിക മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി 'മഹാ ആത്മാവ്' എന്നര്‍ത്ഥമുള്ള 'മഹാത്മാ' എന്ന പദവിക്ക് തീര്‍ത്തും അര്‍ഹനായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു വാചകമാണ്.
I will not like to live in this world if it is not to be one. - M.K. Gandhi
ഇതൊന്നും ഇതു പോലെ തന്നെ അല്ല എങ്കില്‍ ഈ ലോകത്ത് പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല.
സിദ്ദീഖ് കാപ്പന്‍