ഉര്‍ദുവിനെതിരേ ഉറഞ്ഞുതുള്ളുന്നവര്‍
Published : 16th December 2017 | Thejas Daily Editorial
ആര്‍ഷപ്രോക്ത ധാര്‍മികമൂല്യങ്ങള്‍ ഉച്ചരിച്ചുകൊണ്ട് നമ്മുടെ രാജ്യം എങ്ങോട്ടാണ് നടന്നുനീങ്ങുന്നത്? ഗോമാതാവിനെ സംരക്ഷിക്കുന്നതിന്റെ പേരിലും ഹിന്ദു യുവതികളുടെ ചാരിത്ര്യശുദ്ധി കാത്തുസൂക്ഷിക്കാനെന്നു പറഞ്ഞുകൊണ്ടും മറ്റും ഇന്ത്യാമഹാരാജ്യത്ത് പെറ്റുവളര്‍ന്ന മുസ്‌ലിംകളെ വെട്ടിയും കുത്തിയും ചുട്ടും കൊല്ലുന്ന രാക്ഷസീയതയാണ് സര്‍ക്കാരുകളുടെ ഒത്താശയോടെ അരങ്ങേറുന്നത്. വിദ്യാഭ്യാസരംഗത്തും ചരിത്രഗവേഷണ മണ്ഡലങ്ങളിലും കാവിരാഷ്ട്രീയത്തിന്റെ തിരുവരുളുകളാണ് നടപ്പാക്കുന്നത്. തീവ്രഹിന്ദുത്വത്തിന് അന്യമായ എല്ലാ മത-സാംസ്‌കാരിക മുദ്രകളും അവ കൊണ്ടുനടക്കുന്ന സമൂഹങ്ങളും തുടച്ചുനീക്കപ്പെടണമെന്ന അജണ്ടയാണ് കാവിരാഷ്ട്രീയത്തിന്റേത്. അതിന്റെ ഏറ്റവും ക്ഷുദ്രമായ ഉദാഹരണങ്ങളിലൊന്നാണ് കഴിഞ്ഞ തിങ്കളാഴ്ച അലിഗഡില്‍ അരങ്ങേറിയത്. മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുശര്‍റഫ് ഹുസയ്ന്‍ എന്ന ബിഎസ്പി ജനപ്രതിനിധി ബിജെപിക്കാരുടെ കൈകളാല്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. ഉര്‍ദുവില്‍ സത്യപ്രതിജ്ഞ ചെയ്തു എന്നതായിരുന്നു കാരണം. അതിലേറെ ഭീകരം, ഹുസയ്‌നെ തല്ലിച്ചതച്ച ബിജെപി കൗണ്‍സിലര്‍ പുഷ്‌പേന്ദ്ര കുമാര്‍ നല്‍കിയ പരാതിയനുസരിച്ച് അയാള്‍ക്കെതിരേ യുപി പോലിസ് കേസുമെടുത്തു എന്നതാണ്.ഉര്‍ദുവില്‍ സത്യപ്രതിജ്ഞ ചെയ്തതു വഴി മുശര്‍റഫ് ഹുസയ്ന്‍ മതവികാരം ഇളക്കിവിടുകയും ക്രമസമാധാനം തകര്‍ക്കുകയും ചെയ്തുവെന്നാണ് പുഷ്‌പേന്ദ്ര കുമാറിന്റെ ആരോപണം. മറ്റുള്ളവരെല്ലാം ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മുശര്‍റഫ് ഹുസയ്ന്‍ ഉര്‍ദുവിലേക്ക് മാറിയത് ജനങ്ങളുടെ മതവികാരങ്ങള്‍ക്കു മുറിവേല്‍പിക്കുമത്രേ. കേട്ടപാതി കേള്‍ക്കാത്തപാതി, പോലിസ് ഐപിസി 295 എ വകുപ്പനുസരിച്ച് കേസുമെടുത്തു. ഇതുപോലൊരു അതിക്രമം വേറെയുണ്ടോ? ഉര്‍ദു ഹിന്ദിയോടൊപ്പം ഉത്തര്‍പ്രദേശിലെ ഔദ്യോഗിക ഭാഷയാണ്. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച 22 ഭാഷകളിലൊന്നാണ്. ഉര്‍ദുവില്‍ സത്യപ്രതിജ്ഞ ചെയ്തതിന്റെ പേരില്‍ ഒരാള്‍ തല്ലുകൊള്ളുന്നതും കേസില്‍ അകപ്പെടുന്നതും ഏറ്റവും മിതമായിപ്പറഞ്ഞാല്‍ തികഞ്ഞ പൗരാവകാശ നിഷേധമാണ്. ഇന്ത്യയിലെ പൗരസമൂഹം മുഴുവനും ഈ കിരാതത്വത്തിനെതിരായി ഉണര്‍ന്നെഴുന്നേല്‍ക്കുക തന്നെ വേണം. യോഗി ആദിത്യനാഥിന്റെ യുപിയിലും നരേന്ദ്രമോദിയുടെ ഇന്ത്യയിലും ഇതിലപ്പുറവും നടക്കുമായിരിക്കും. അവര്‍ക്കെന്തറിയാം ഉര്‍ദുവിന്റെ മാഹാത്മ്യത്തെപ്പറ്റി, ഇന്ത്യന്‍ സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ ഉര്‍ദു വഹിച്ച പങ്കിനെപ്പറ്റി; ഹൈന്ദവ-ഇസ്‌ലാമിക പാരമ്പര്യങ്ങള്‍ കൂട്ടിയിണക്കി ഇന്ത്യന്‍ ദേശീയതയ്ക്ക് പുതിയ ഭാവതലങ്ങള്‍ സൃഷ്ടിച്ചതില്‍ ഉര്‍ദു അര്‍പ്പിച്ച സംഭാവനകളെപ്പറ്റി. മുഹമ്മദ് ഇഖ്ബാലും പ്രേംചന്ദും കിഷന്‍ ചന്ദറും ഇസ്മത് ചുഗ്തായിയും ഖുര്‍റത്തുല്‍ ഐന്‍ ഹൈദറും രജീന്ദര്‍ സിങ് ബേദിയും ഗുല്‍സാറുമെല്ലാം വെള്ളവും വളവും നല്‍കി പരിപോഷിപ്പിച്ച ഭാഷയാണത്. പക്ഷേ, ഹിന്ദുത്വവാദികള്‍ക്കത് മുസ്‌ലിമിന്റെ ഭാഷ മാത്രമാണ്. ഉര്‍ദുവിനെതിരേ ഉറഞ്ഞുതുള്ളുന്നതാണ് ശരിക്കും രാജ്യദ്രോഹം.
No comments:
Post a Comment