കേട്ടുകേള്‍വി സാധാരണക്കാരെ മാത്രമല്ല മഹാകവി കുമാരനാശാനേയും വഴിപിഴപ്പിച്ചിട്ടുണ്ട് - 'ദുരവസ്ഥയില്‍'. മലബാര്‍ കലാപമെന്നോ മാപ്പിള ലഹളയെന്നോ ഒക്കെ വിളിക്കാറുള്ള സംഘര്‍ഷഭരിത കാലഘട്ടമാണല്ലോ ദുവസ്ഥയുടെ പശ്ചാതലം. മലബാര്‍ കലാപത്തെ കുറിച്ചുള്ള സമഗ്രവും സര്‍വ്വസ്പര്‍ശിയുമായ പഠനമൊന്നും കുമാരനാശാന്റെ കാലത്ത് വന്നിട്ടില്ല. കാര്‍ഷിക കലാപമായി ആരംഭിച്ചത് ബ്രിട്ടീഷ് ഏജന്റുമാര്‍ സമര്‍ത്ഥമായി വഴിതിരിച്ചുവിട്ട് മാപ്പിള ലഹളയാക്കിയതാണെന്ന വസ്തുത ആശാന് അറിയില്ല.
ഏറനാട്ടിലൊരു കലാപം നടന്നുവെന്നും നിരവധി ഹിന്ദു കുടുംബങ്ങള്‍ കൊള്ളയടിക്കപ്പെട്ടുവെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം പൊലുമുണ്ടായി എന്നും മറ്റും ഇംഗ്ലീഷ് പത്രങ്ങളില്‍ വെണ്ടക്ക വാര്‍ത്തകളായി വന്നത് കുമാരനാശാന്‍ വായിച്ചിട്ടുണ്ട്; ഹിന്ദു മതത്തിലെ ജാതി ഭേദം, ഉച്ചനീചത്തങ്ങള്‍, മതം മാറാന്‍ പ്രേരിപ്പിക്കുന്നുവെന്ന് ആശാന്‍ ധരിച്ചിട്ടുണ്ട്. അതൊക്കെ വെച്ച് 'ദുരവസ്ഥ' സൃഷ്ടിച്ചപ്പോള്‍ മുസ്്‌ലിംകളെ 'മുഹമ്മദ രാക്ഷസന്‍മാര്‍', 'ദുഷ്ടമുസല്‍മാന്‍മാര്‍', 'പീറജോനകര്‍', 'ദൈവ ചിന്തയില്ലാത്ത അള്ളാ മതക്കാര്‍' എന്നൊക്കെ വിളിച്ചത് സ്വാഭാവികം മാത്രം. മാപ്പിള ശബ്ദം തന്നെ ചെവിക്ക് കയ്ക്കുന്നതായി എന്നും എഴുതിവിട്ടു. മുസ്്‌ലിംകളുടെ ഭയജനകമായ ഭീകര ചിത്രങ്ങള്‍ നിറഞ്ഞു. ബ്രിട്ടീഷ് ഏജന്റായ മുസ്്‌ലിം പോലീസ് ഉദ്യോഗസ്ഥന്റെ തലവെട്ടി പൊതുവഴിയില്‍ പ്രദര്‍ശിപ്പിച്ചതും കലാപകാരികളാണെന്ന് ആശാനാറിയില്ലല്ലോ. വെള്ളക്കാരെ ചുട്ടൊടുക്കുവാനും ജന്മിമാരുടെ ഇല്ലം ഇടിച്ചു കുളംകുഴിക്കാനുമുള്ള കലാപത്തിന്റെ വിജ്ഞാപനത്തോടൊപ്പം അള്ളാ അല്ലാതൊരു ദൈവം മലയാളത്തിലില്ലാതാക്കിടുവാന്‍ എന്നത് ആശാന് കൂട്ടിച്ചേര്‍ക്കാന്‍ തോന്നിയതും അതുകൊണ്ടാണ്. ഹിന്ദു സഹോദരന്‍മാരെ ദ്രോഹിക്കുകയോ ഹിന്ദു സ്ത്രീകളെ സ്പര്‍ശിക്കുകയോ ചെയ്യുന്നവരുടെ കൈവെട്ടികളയുമെന്ന് കലാപനായകന്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കല്‍പന ദൂരെ കേള്‍ക്കാന്‍ ബ്രിട്ടീഷ് ഏജന്റന്‍മാര്‍ അനുവദിച്ചില്ലല്ലോ. ഈ പ്രകൃതത്തില്‍ നോക്കുമ്പോള്‍ ദുരവസ്ഥയുടെ പരിമിതി അത് കേട്ടുകേള്‍വിയെ ആധാരമാക്കിയ കാവ്യമാണെന്നതാണ്.
പാലക്കീഴ് നാരായണന്‍
No comments:
Post a Comment