Wednesday, April 29, 2015

പൊഖ്‌റാനില്‍ ബുദ്ധന്‍ ചിരിച്ചപ്പോള്‍


ഒരു ഗ്രാമം മുഴുവന്‍ കരയുന്നു

ഗ്രാമത്തിലെത്തുന്ന സൈനിക ജീപ്പുകളും ആയുധമേന്താത്ത പട്ടാളക്കാരും വലിയ ട്രക്കുകളും, പട്ടാളക്കാരനാവണമെന്ന സ്വപ്നവുമായി നടക്കുന്ന 11കാരന്‍ നീരജിന് മനംകവരുന്ന കാഴ്ചകളായിരുന്നു. രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ജില്ലയിലെ പൊഖ്‌റാന്‍ തെഹ്‌സിലിലാണ് നീരജിന്റെ ഖേതോലായി ഗ്രാമം. 1974ല്‍ 'ബുദ്ധന്‍ ചിരിച്ച' ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിനും 1998ല്‍ ഓപറേഷന്‍ ശക്തി എന്നു പേരിട്ട രണ്ടാം പരീക്ഷണത്തിനും വേദി നീരജിന്റെ വീട്ടില്‍ നിന്ന് കഷ്ടിച്ച് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഖേതോലായി സൈനിക പരീക്ഷണ റേഞ്ചിലായിരുന്നു. പട്ടാളക്കാരനാവണമെന്ന മോഹം ബാക്കിവച്ചാണ് കഴിഞ്ഞ ഫെബ്രുവരി 15ന് നീരജ് അര്‍ബുദത്തിനു കീഴടങ്ങിയത്.
അണ്വായുധപ്രയോഗത്തിന്റെ ഫലമായുണ്ടാവുന്ന അണുപ്രസരണംമൂലം ഇന്ന് കാന്‍സര്‍ രോഗത്തിന്റെ പിടിയിലാണ് ഈ ഗ്രാമം. 2002 മുതല്‍ നീരജിന്റെ വീട്ടില്‍ ഇത് മൂന്നാമത്തെ കാന്‍സര്‍ മരണമാണ്. നീരജിന്റെ മുത്തച്ഛനും മുത്തശ്ശിയും രക്താര്‍ബുദം വന്നാണു മരിച്ചത്. അഹ്മദാബാദ് ഹോസ്പിറ്റലിലാണു നീരജിന്റെ രോഗം മസ്തിഷ്‌കാര്‍ബുദമാണെന്നു തിരിച്ചറിഞ്ഞത്. തങ്ങളുടെ ഏറ്റവും അടുത്തുള്ള പൊഖ്‌റാന്‍ സിറ്റിയിലെ ആശുപത്രിയില്‍ കാന്‍സര്‍ തിരിച്ചറിയാനുള്ള സൗകര്യങ്ങള്‍ ഇല്ലെന്നു നീരജിന്റെ പിതാവ് രാം രത്തന്‍ പറയുന്നു.
കഴിഞ്ഞ എട്ടുമാസത്തിനിടയില്‍ ഈ ഗ്രാമത്തിലെ നാലാം കാന്‍സര്‍ മരണമാണു നീരജിന്റേത്. 1998ല്‍ ഇന്ത്യ തിളങ്ങുന്നുവെന്നു കൊട്ടിഘോഷിച്ച് വീണ്ടും ബുദ്ധനെ ചിരിപ്പിച്ച വാജ്‌പേയിയുടെ ഓപറേഷന്‍ ശക്തിക്കു ശേഷം ഓരോവര്‍ഷവും 5-6 പേരാണ് കാന്‍സര്‍ ബാധിച്ചു മരിക്കുന്നതെന്ന് ഗ്രാമമുഖ്യന്‍ നാഥുറാം പറഞ്ഞു.
1974ല്‍ ആണവ പരീക്ഷണം നടത്തിയതിനു ശേഷം ഈ ഗ്രാമത്തിലെ വീടുകളിലും ഭൂമിയിലും വലിയ വിള്ളല്‍ ഉണ്ടായിരുന്നുവെന്നും ഇത് ഇപ്പോഴും പതിവാണെന്നും പദം ജാനി എന്ന മുന്‍ പോസ്റ്റ് മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നു. സൈനിക റേഞ്ചില്‍ ഇപ്പോഴും പലതരത്തിലുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണെ്ടന്നും ഏതാനും മണിക്കൂറുകള്‍ ഇടവിട്ട് ചെറിയ ചെറിയ സ്‌ഫോടനശബ്ദങ്ങള്‍ കേള്‍ക്കാമെന്നും ഗ്രാമ സഹായക് ആയ വിനോദ് ബിഷ്‌ണോയി പറഞ്ഞു.
2,100 വോട്ടര്‍മാരുള്ള ഖേതോലായി ഗ്രാമത്തിലെ ജനസംഖ്യ 3000ത്തിലധികം വരും. ഹിന്ദുമതത്തിലെ മറ്റു പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട കര്‍ഷകരായ ബിഷ്‌ണോയി സമുദായാംഗങ്ങളാണു ഗ്രാമവാസികളില്‍ ഭൂരിഭാഗവും. ഇവിടത്തെ ഓരോ കുടുംബത്തിലും ഒരംഗമെങ്കിലും സര്‍ക്കാര്‍ ജോലിക്കാരാണ്. ഇവരില്‍ തന്നെ അധികവും പോലിസിലും സൈന്യത്തിലും ജോലിചെയ്യുന്നവരും. കൃഷിയും കന്നുകാലിവളര്‍ത്തലിലും വ്യാപൃതരാണ് ഇവിടത്തെ മിക്ക കുടുംബിനികളും.
2002ല്‍ നീരജിന്റെ അമ്മായി ഗിരിജാ ദേവിയുടെ 22കാരിയായ മകള്‍ കാന്‍സര്‍ മൂലം മരിച്ചിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്തനാര്‍ബുദംമൂലം നിരവധി സ്ത്രീകള്‍ മരണപ്പെട്ടതായി പ്രമിള എന്ന സ്ത്രീ വ്യക്തമാക്കി. ലജ്ജ കാരണം ഇത്തരം സംഭവങ്ങള്‍ സ്ത്രീകള്‍ പുറത്തുപറയുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. പ്രദേശത്ത് ഗര്‍ഭസ്ഥശിശുക്കള്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ മരിക്കുന്ന നിരവധി സംഭവങ്ങള്‍ നടക്കുന്നുണെ്ടന്നും പ്രമിള കൂട്ടിച്ചേര്‍ത്തു. അഞ്ചു വയസ്സിനു താഴെയുള്ള സംസാരശേഷിയില്ലാത്ത 15ഓളം കുട്ടികള്‍ ഗ്രാമത്തിലുണെ്ടന്ന് സീതാദേവി എന്ന സ്ത്രീ ഓരോ കുട്ടികളുടെയും പേരുകള്‍ എണ്ണിപ്പറഞ്ഞു വ്യക്തമാക്കി.
കന്നുകാലികള്‍ക്കുവരെ അണുപ്രസരണത്തെ തുടര്‍ന്ന് വൈകല്യങ്ങള്‍ ഉണ്ടാവുന്നുണ്ട്. കാഴ്ചശക്തി നഷ്ടപ്പെട്ട നിരവധി കാലികളാണ് ഈ ഗ്രാമത്തിലുള്ളത്. അവയുടെ കുഞ്ഞുങ്ങള്‍ വൈകല്യങ്ങളോടെയാണു ജനിക്കുന്നതെന്നും ഗ്രാമവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ആദ്യ അണുപരീക്ഷണം നടന്ന് 10 വര്‍ഷത്തിനു ശേഷം, 1984-88 കാലയളവില്‍ 2,662 പുതിയ കാന്‍സര്‍ രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
1974ല്‍ സൈനികതാവളത്തിനായി ഈ ഗ്രാമത്തില്‍ നിന്നു കൃഷിഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഒരു ബിഗ (40 സെന്റില്‍ കുറച്ചധികം) ഭൂമിക്ക് 3-4 രൂപയാണു സര്‍ക്കാര്‍ ഭൂവുടമയ്ക്കു നല്‍കിയത്. ഈ തുകതന്നെ ഉടമയ്ക്കു ലഭിച്ചത് രണേ്ടാ മൂന്നോ വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ഏറ്റെടുത്ത ഭൂമിക്കു പകരം കനാലിനടുത്ത്
കൃഷിയോഗ്യമായ ഭൂമി നല്‍കാമെന്നു സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ലെന്നും നിരവധിപേര്‍ ഇപ്പോഴും ഭൂരഹിതരാണെന്നും ഗ്രാമീണര്‍ വ്യക്തമാക്കുന്നു. ഇവിടെനിന്നു വീണ്ടും ഭൂമി ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണെ്ടന്നും ഗ്രാമവാസികള്‍ പറഞ്ഞു.

കടപ്പാട് : തേജസ് ദിനപ്പത്രം

No comments: