Thursday, July 24, 2014

വീര സ്മരണകളുമായി പടപ്പറമ്പ് രക്തസാക്ഷികള്‍: പോരാട്ടത്തിന് 94 വയസ്സ്

           രക്തസാക്ഷികളായ 79പേരെ ഒരുമിച്ച് മറവ് ചെയ്ത സ്ഥലം


24 ജൂലൈ 2014

പിറന്നുവീണ നാടിനു വേണ്ടി ബ്രിട്ടീഷുകാരോടു പൊരുതി രക്തസാക്ഷികളായ ധീരദേശാഭിമാനികള്‍ക്ക് ഉചിതമായ സ്മാരകം പണിയണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു മുമ്പില്‍ അധികൃതര്‍ കണ്ണടക്കുന്നു. 1921ലെ മലബാര്‍ കലാപസമയത്ത് ബ്രിട്ടീഷ് പട്ടാളത്തോട് പൊരുതി രക്തസാക്ഷികളായ 79 പേരെ ഖബറടക്കിയ സ്ഥലമാണ് അധികൃതരുടെ അലംഭാവം കാരണം കാടുപിടിച്ചു കിടക്കുന്നത്. 
കണ്ണമംഗലം പഞ്ചായത്ത് 11ാം വാര്‍ഡിലെ പൂച്ചോലമാട് അങ്ങാടിയില്‍ വേങ്ങര റോഡിന്റെ കിഴക്കുവശത്താണ് 79 പേരുടെയും ഭൗതിക ശരീരം മറവുചെയ്തിരിക്കുന്നത്. അധികാരികള്‍ എത്ര മറക്കാന്‍ ശ്രമിച്ചാലും പൂച്ചോലമാട്ടുകാര്‍ക്ക് ഈ ധീരയോദ്ധാക്കള്‍ ഇന്നും ജ്വലിക്കുന്ന ഓര്‍മകളാണ്. വിശുദ്ധ റംസാനിലെ ഇരുപത്തിഏഴാം രാവില്‍ കൂട്ടമായെത്തി രക്തസാക്ഷികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുവാന്‍ ഏതു തിരക്കിനിടയിലും അവര്‍ സമയം കണെ്ടത്തും. പൂക്കോട്ടൂര്‍ യുദ്ധത്തിനു ശേഷം ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ വധിക്കപ്പെട്ട പോരാട്ടമായിരുന്നു കണ്ണമംഗലത്ത് (പടപ്പറമ്പില്‍) നടന്നത്. മലബാര്‍ പ്രക്ഷോഭത്തിലെ വീരേതിഹാസമായിരുന്ന നെല്ലിക്കുത്ത് പാലത്ത് മൂച്ചിയില്‍ എരിക്കുന്നന്‍ ആലിമുസ്‌ല്യാരുടെ ആഹ്വാന പ്രകാരം പിറന്നു വീണ മണ്ണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സമരത്തിന്റെ തീച്ചൂളയിലേക്കിറങ്ങിയവരാണ് പടപ്പറമ്പ് രക്തസാക്ഷികള്‍. 
അക്കാലത്ത് ഊരകം മലയില്‍ താമസിച്ചിരുന്ന ഓടക്കല്‍ കുടുംബാംഗമായ മൊയ്തീന്‍ മുസ്‌ല്യാരായിരുന്നു മുന്നണിപോരാളിയെന്ന് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഊരകം കേന്ദ്രീകരിച്ചു തുടങ്ങിയ പ്രവര്‍ത്തനം കൂടുതല്‍ സൗകര്യപ്രദമായ കണ്ണമംഗലത്തേക്ക് (പോരാട്ടം (പട) നടന്ന കണ്ണമംഗലത്തെ പ്രദേശം പിന്നീട് പടപ്പറമ്പ് എന്നറിയപ്പെട്ടു)  പടിഞ്ഞാറന്‍ ഏറനാട്ടിലെ ബ്രിട്ടീഷ് വിരുദ്ധ സേനയുടെ താവളമെന്ന നിലയില്‍ പടപ്പറമ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ സൈനിക കേന്ദ്രത്തില്‍ നിന്നു മലബാറിലെ വിവിധ ഭാഗത്തേക്ക് ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് ചെറുസംഘങ്ങളെ അയച്ചു തുടങ്ങിയതോടെ കണ്ണമംഗലവും പടപ്പറമ്പും ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തി. 
1921 ഒക്‌ടോബര്‍ 17ന് പടപ്പറമ്പ് ലക്ഷ്യമാക്കി ബ്രിട്ടീഷ്പട്ടാളം യുദ്ധത്തിനൊരുമ്പെട്ടപ്പോള്‍ അവരെ നേരിടാന്‍ മൊയ്തീന്‍ മുസ്‌ല്യാരുടെ നേതൃത്വത്തില്‍ മാപ്പിളപോരാളികള്‍ അടര്‍ക്കളത്തിലിറങ്ങി. തന്ത്രപ്രധാനമായ സ്ഥലമെന്ന നിലക്ക് പടപ്പറമ്പില്‍ നിന്നു ഒരു കിലോമീറ്റര്‍ ഇപ്പുറത്തുള്ള തോന്നിയില്‍ അധികാരിയുടെ തറവാട്ടിലാണ് മാപ്പിളപോരാളികള്‍ തമ്പടിച്ചത്. 
അക്കാലത്ത് ഏറെ വിജനമായി കിടന്നിരുന്ന പറമ്പില്‍ ഒരാള്‍ പൊക്കത്തില്‍ ചുറ്റുമതിലുള്ള ബഹുനില തറവാടായിരുന്നു തോന്നിയില്‍ തറവാട്. ഇവിടെ ആഴമേറിയ കിണറിന്റെ ഒരുഭാഗം തുരന്ന് നിരവധി പടവുകളോടു കൂടിയ കുളമുള്ളതും ഒളിയുദ്ധത്തിനു ഏറെ പ്രയോജനപ്രദമായിരുന്നു. ഇക്കാരണത്താലാവാം തോന്നിയില്‍ തറവാട് പോരാട്ടത്തിനായി തിരഞ്ഞെടുത്തതെന്നാണ് ചരിത്രാന്വേഷകരുടെ വിലയിരുത്തല്‍. 
തോന്നിയില്‍ തറവാട്ടിലെത്തിയ ബ്രിട്ടീഷ് സൈന്യവും മാപ്പിള പോരാളികളും ഏറ്റുമുട്ടി. ഒടുവില്‍ തോന്നിയില്‍ തറവാടിനു നേരെ ബോംബെറിഞ്ഞും വെടിവച്ചുമാണ് മൊയ്തീന്‍മുസ്‌ല്യാരെയും 70ല്‍ അധികം വരുന്ന  അനുയായികളെയും ബ്രിട്ടീഷ്‌സൈന്യം വക വരുത്തിയത്. പൂവില്‍ അബൂബക്കര്‍ സഹോദരങ്ങളായ പൂവില്‍ അഹമ്മദ്, പൂവില്‍ കോയക്കുട്ടി എന്നിവരും കാപ്പന്‍ ആലിയും ഇതില്‍ പ്രധാനികളായിരുന്നു. ആഗസ്ത് 31ന് തിരൂരങ്ങാടി ജുമുഅത്ത്പള്ളി വളഞ്ഞ് ആലിമുസ്‌ലിയാരെയും അനുയായികളെയും ബന്ധനസ്ഥരാക്കിയപ്പോള്‍ ബ്രിട്ടീഷ് സൈന്യത്തിന് പിടികൊടുക്കാതെ രക്ഷപ്പെട്ട് പടപ്പറമ്പിലെത്തിയ സൈനിക തലവന്‍മാരായ അബ്ദുല്ലക്കുട്ടി, കുഞ്ഞലവി എന്നിവരുമുണ്ടായിരുന്നു ഇക്കൂട്ടത്തില്‍. എന്നാല്‍ ഇവര്‍ പടപ്പറമ്പില്‍ നിന്നു രക്ഷപ്പെട്ടു വലിയോറയിലെത്തിയെന്ന വിവരമറിഞ്ഞ ബ്രിട്ടീഷ് സൈന്യം ഇവര്‍ ഒളിച്ചുതാമസിച്ചിരുന്ന വലിയോറയിലെ വീടിന് തീവച്ചു. ഇതിനിടെ പുറത്തെത്തിയ ധീരയോദ്ധാക്കള്‍ അവസാന ശ്വാസം വരെ ബ്രിട്ടീഷ് സൈന്യത്തോടു പൊരുതി വീരമൃത്യു വരിക്കുകയായിരുന്നു. ഇവരുടെ ഖബറിടം വലിയോറ അടക്കാപുര പാടത്തിനരികെ ചരിത്രസാക്ഷിയായി ഇന്നും നിലകൊള്ളുന്നുണ്ട്. പടപ്പറമ്പില്‍ രക്തസാക്ഷികളായ 79പേരെയും ഒരുമിച്ചാണ് പൂച്ചോലമാട്ടില്‍ ഖബറടക്കിയിരിക്കുന്നത്. ബ്രിട്ടീഷ് വിരുദ്ധ സേനയുടെ താവളമായിരുന്ന പടപ്പറമ്പും കണ്ണമംഗലവും ദേശീയവും അന്തര്‍ദേശീയവുമായ സര്‍വകലാശാലകളില്‍ പാഠ്യവിഷയമായിരിക്കുമ്പോഴും ഈ ധീരദേശാഭിമാനികള്‍ക്കു ഉചിത സ്മാരകമെന്നത് സ്വപ്നമായി അവശേഷിക്കുകയാണ്. 


No comments: