By: Sidhique Kappan
ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമല്ലെന്നു വിദഗ്ധ പഠനം. നമ്മുടെ വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചു 2009ല്‍ തന്നെ സംശയങ്ങള്‍ ഉടലെടുത്തതാണ്. അന്നു വോട്ടെടുപ്പ് നടക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പുതന്നെ തിരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റില്‍ തിരഞ്ഞെടുപ്പുഫലത്തിന്റെ ഫയലുകള്‍ കണ്ടെത്തിയത് പൂനെയിലെ മുഖ്യ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഡോ. അനുപം സറാഫിനെയും മണിപ്പാല്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഗ്രൂപ്പിന്റെ വൈസ് ചെയര്മാന് പ്രഫ. എം ഡി നാലപ്പാട്ടിനെയും അമ്പരപ്പിക്കുകയുണ്ടായി. 2009ല്‍ ഏപ്രില്‍ 16 മുതല്‍ മെയ് 13 വരെയുള്ള അഞ്ചു ഘട്ടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയായ ശേഷം മാത്രമാണ് വോട്ടെണ്ണല്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍, വോട്ടിങ് ആരംഭിക്കുന്നതിനു മുമ്പുതന്നെ ഡോ. സറാഫും പ്രഫ. നാലപ്പാട്ടും വിവിധ പാര്‍ലമെന്റ്-നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ അടക്കം തിരഞ്ഞെടുപ്പുവിവരങ്ങള്‍ അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്തുകൊണ്ട് ഒരു 'വികി'ക്കു രൂപം നല്കി. അതിനു വേണ്ട ചില വിവരങ്ങള്‍ ഇലക്ഷന് കമ്മീഷന്റെ വെബ്സൈറ്റില്‍ നിന്ന് എക്സല്‍ ഫയലുകളായി ശേഖരിക്കുകയും ചെയ്തു. എന്നാല്‍, മെയ് 6ന് അപ്ഡേറ്റ് ചെയ്ത എക്സല്‍ ഷീറ്റുകളില്‍ അപ്രതീക്ഷിതമായി ചില മാറ്റങ്ങള്‍ സംഭവിച്ചു. മെയ് 6നു സ്ഥാനാര്‍ഥികളുടെ പേരിനു പകരം ചില കോഡുകള്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍, നിരവധി കേന്ദ്രങ്ങളില്‍ അന്നു വോട്ടെടുപ്പു പോലും ആരംഭിച്ചിട്ടില്ലായിരുന്നു. എന്നിട്ടും വോട്ടിങ് യന്ത്രത്തിലെ സ്ഥാനാര്‍ഥികളുടെ പേരിന്റെ നേരെ ക്രമമനുസരിച്ച് 'പോള്‍ ചെയ്ത വോട്ടു'കളുടെ എണ്ണം രേഖപ്പെടുത്തപ്പെട്ടു. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം, ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ അഡ്ജസ്റ്റ് ചെയ്തതായി കാണപ്പെട്ടു. ഡോ. സറാഫും പ്രഫ. നാലപ്പാട്ടും വിവരം നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിനെയും ഇലക്ഷന് കമ്മീഷനെയും ധരിപ്പിച്ചു. ഒരു മണിക്കൂറിനകം നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ വെബ്സൈറ്റ് പരിശോധിച്ച്, ഇരുവരും കണ്ടെത്തിയതു ശരിയാണെന്നു സമ്മതിച്ചു. പക്ഷേ, ഇലക്ഷന് കമ്മീഷനില്‍ നിന്ന് ഒരു നീക്കവും പിന്നീടുണ്ടായില്ല. മെയ് 16നു ഫലം പ്രഖ്യാപിച്ചപ്പോള്‍ കമ്മീഷന്റെ വെബ്സൈറ്റിലെ എക്സല്‍ ഷീറ്റില്‍ നേരത്തേ പറഞ്ഞപോലെ സ്ഥാനാര്‍ഥിയുടെ പേരുവിവരങ്ങള്‍ എല്ലാം ഏപ്രില്‍ 16നു കണ്ടപോലെത്തന്നെ ഉണ്ടായിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പിനു മുമ്പും (ഏപ്രില്‍ 16നു) ശേഷവും (മെയ് 6നു) ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടിന്റെ എണ്ണം മാത്രം പരിശോധിക്കാന്‍ കഴിയാത്ത വിധമായിരുന്നു. അതേത്തുടര്‍ന്നു മിഷിഗണ്‍ സര്‍വകലാശാലയിലെ ജെ അലക്സ് ഹാല്‍ഡര്‍മാന്‍, ഇലക്ട്രോണിക്സ് ഫ്രോണ്ടിയര്‍ ഫൗണ്ടേഷന് അവാര്‍ഡ് ജേതാവ് ഹരി കെ പ്രസാദ്, ഹോളണ്ടിലെ ഇന്റര്‍നെറ്റ് വിദഗ്ധന്‍ റോപ് ഗോന്‍ഗ്രിപ് എന്നിങ്ങനെ അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന ഐ.ടി. വിദഗ്ധര്‍ ചേര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ രണ്ടു വിധത്തില്‍ കൃത്രിമം നടത്താന്‍ കഴിയുന്ന രീതികള്‍ പ്രദര്‍ശിപ്പിച്ചു. അമേരിക്കയിലെ ഫ്ളോറിഡയില്‍ സംഭവിച്ചപോലെ തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടത്തുന്നവര്‍ പ്രത്യേകം തിരഞ്ഞെടുത്ത വളരെ കുറഞ്ഞ വോട്ടിങ് യന്ത്രങ്ങളില്‍ മാത്രമാണ് അതു ചെയ്യുക. അതുവഴി തങ്ങളുടെ ജയം ഉറപ്പുവരുത്തുകയോ ആവശ്യമായ സീറ്റുകള്‍ ഉറപ്പുവരുത്തുകയോ ചെയ്യും. ഈ സാഹചര്യത്തില്‍ മുന്‍ കേന്ദ്ര നിയമമന്ത്രി അടക്കമുള്ള ചില വ്യക്തികള്‍ സുപ്രിംകോടതിയെ സമീപിക്കുകയും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതോടൊപ്പം ആ വിവരം യന്ത്രത്തില്‍ തന്നെ കടലാസില്‍ രേഖപ്പെടുത്താനുള്ള സംവിധാനം ഉണ്ടായിരിക്കണമെന്നു സുപ്രിംകോടതി ഉത്തരവിടുകയും ചെയ്തു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും എട്ടു മണ്ഡലങ്ങളില്‍ മാത്രമാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ മേല്‍പ്പറഞ്ഞ വിധത്തിലുള്ള വിവരം രേഖപ്പെടുത്താനുള്ള സംവിധാനം ഉണ്ടായിരുന്നത്. കൂടാതെ രേഖപ്പെടുത്തുന്ന മുഴുവന്‍ വോട്ടുകളും ഒരു പാര്‍ട്ടിക്കു നേരെ കാണിക്കുന്നവിധം രണ്ടു വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായിരുന്നു. ഇത്തവണ ലക്ഷക്കണക്കിനു വോട്ടര്‍മാരുടെ പേരുകള്‍ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നു നീക്കം ചെയ്യപ്പെട്ട സംഭവവും ഉണ്ടായിരുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ വന്ന തകരാറുകള്‍ കാരണം അവയുടെ വിശ്വാസ്യത 2000ലെ യു.എസ്. ഇലക്ഷനില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കി. അതിനെത്തുടര്‍ന്ന് പല രാജ്യങ്ങളിലെയും തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഒഴിവാക്കി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെ വളരെ എളുപ്പത്തില്‍ ഹാക്ക് ചെയ്ത് ആര്‍ക്കും അതിന്റെ ഫലം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയുമെന്നു 2006ല്‍ ഹോളണ്ടിലെ ടി.വി. ഡോക്യുമെന്ററി പരിപാടിയിലൂടെ വിശദമാക്കിയതിന്റെ ഫലമായി ഇലക്ട്രോണിക് യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് ആ രാജ്യത്തു പൂര്‍ണമായി പിന്‍വലിക്കുകയും ബാലറ്റ്പേപ്പറിലേക്കു തിരിച്ചുപോവുകയും ചെയ്തു. ജര്‍മനി ഒരുപടി കൂടി കടന്നു വോട്ടിങ് യന്ത്രങ്ങള്‍ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചു. അയര്‍ലന്‍ഡില്‍ ഏകദേശം 75 ദശലക്ഷം ഡോളര്‍ ചെലവാക്കിയ ശേഷം വോട്ടിങ് യന്ത്രങ്ങള്‍ കുറ്റമറ്റതല്ലെന്നു പരിശോധനയില്‍ കണ്ടെത്തിയതിനാല്‍ അവ മുഴുവന്‍ പാഴ്വസ്തുവായി പുറംതള്ളി. 2009ല്‍ വെനിസ്വേല, മാസിഡോണിയ, ഉക്രെയിന് എന്നീ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ തിരഞ്ഞെടുപ്പുഫലം ഭരണകൂടങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കിയത് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയാണ് എന്നത് യന്ത്രങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നതെന്നു സി.ഐ.എയുടെ സൈബര്‍ സുരക്ഷാ വിദഗ്ധന്‍ സ്റ്റീവ് സ്റ്റിഗാല് അമേരിക്കയുടെ ഇലക്ഷന് അസിസ്റ്റന്‍സ് കമ്മീഷനോട് മൊഴി നല്‍കിയിരുന്നു. സ്റ്റിഗാലിന്റെ മൊഴിയനുസരിച്ച് വോട്ടിങ് യന്ത്രങ്ങള്‍ വോട്ട് ചെയ്യുന്ന സമയത്തോ അവ പോളിങ്ബൂത്തില്‍ നിന്നു വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന സമയത്തോ അവയിലെ വിവരങ്ങള്‍ കേന്ദ്രീകൃതമായി ശേഖരിക്കുമ്പോഴോ വോട്ടെടുപ്പു കഴിഞ്ഞ് അവസാനം ഓരോ സ്ഥാനാര്‍ഥിക്കും കിട്ടിയ വോട്ടുകള്‍ തിട്ടപ്പെടുത്തുന്ന സമയത്തോ എല്ലാംതന്നെ അവയില്‍ കൃത്രിമം നടത്താന്‍ വളരെ എളുപ്പമാണ്.