Sunday, December 20, 2015

ഫാഷിസത്തെ ചെറുക്കാന്‍ ഒരൂകൂട്ടര്‍ മാത്രമോ?

ഫാഷിസത്തെ ചെറുക്കാന്‍ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ എന്ന ഒരു വിതണ്ഡ വാദം ഇടയ്ക്കിടെ തലയുയര്‍ത്താറുണ്ട്. ചരിത്രപരമായി സാധുതയുള്ള ഒരു നിലപാടല്ല അത്. ഫാഷിസത്തിന്റെ ഇരകളാവുന്നവര്‍ ഒന്നിച്ചു ചേരുന്നതില്‍ അസംതൃപ്തരായവരോ അതില്‍ അങ്കലാപ്പുള്ളവരോ ആണ് ഈ മുദ്രാവാക്യത്തിന്റെ ബാനറുയര്‍ത്താറുള്ളത്.
എല്ലാ അര്‍ഥത്തിലും ഫാഷിസവും കമ്മ്യൂണിസവും പാശ്ചാത്യ അധീശവ്യവസ്ഥയുടെ ഉല്‍പന്നങ്ങളാണ്. കിഴക്കന്‍ ദുഷ്പ്രഭുത്വം എന്ന പദത്തില്‍ പൗരസ്ത്യത്തിന്റെ സകല ബഹുസ്വരതകളും കാള്‍മാര്‍ക്‌സ് ഒതുക്കിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതിയിലാണ് ഫാഷിസം അതിന്റെ കോമ്പല്ലുകള്‍ പുറത്തെടുക്കുന്നത്. ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ നാത്്‌സി പാര്‍ട്ടി തിരഞ്ഞെടുപ്പിനു നിന്നപ്പോള്‍ ബവേറിയയിലെ തൊഴിലാളികളൊന്നായി പുള്ളിക്കാണ് വോട്ട് ചെയ്തത് എന്നു പ്രഗല്‍ഭ സ്വീഡിഷ് എഴുത്തുകാരനായ യാന്‍ മിര്‍ഡല്‍ ചൂണ്ടിക്കാട്ടുന്നു. ബോംബെയിലെ ഇടതുപക്ഷമാണ് ശിവസേനയുടെ ഗുണ്ടാപടയ്ക്ക് ശക്തിപകര്‍ന്നത്. ഹിറ്റ്്‌ലര്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഓരോന്നായി വിഴുങ്ങാന്‍ തുടങ്ങിയപ്പോള്‍ സ്റ്റാലിനും ഹിറ്റ്‌ലറും ചേര്‍ന്ന് യുദ്ധമില്ലാകരാറുണ്ടാക്കിയത് 1939ല്‍. അത് പ്രായോഗിക രാഷ്ട്രീയമാണെന്നു പറഞ്ഞു എഴുതി തള്ളിയേക്കാം. പക്ഷെ, രണ്ടു കൂട്ടരും കേന്ദ്രീകൃത ജനാധിപത്യം എന്ന നുണയുടെ ബലത്തില്‍ ഏകകക്ഷി ദുര്‍ഭരണമാണ് നടത്തിയത്.
ലോകത്തിന്റെ പല ഭാഗത്തു നിന്നും റിപ്പബ്ലിക്കന്‍ ഭരണത്തെ സഹായിക്കാന്‍ വിപ്ലവകാരികള്‍ സ്‌പെയിനിലെത്തിയപ്പോള്‍ സഖാവ് സ്റ്റാലിന്‍ അവരെ ചതിക്കുകയായിരുന്നു എന്നാണ് ചരിത്രം. സോവിയറ്റ് കമ്മ്യൂണിസത്തിനു നക്‌സലൈറ്റുകള്‍ സോഷ്യല്‍ ഫാഷിസം എന്നാണ് വിളിച്ചിരുന്നത്.
പിന്നെയും ഇടതുപക്ഷം ഫാഷിസത്തിന്റെ കളിക്കൂട്ടുകാരനാവുന്നത് കാണാം. കിഴക്കന്‍ യൂറോപ്പിലെ സഖാക്കന്മാരാണ് സോവിയറ്റ് സാമ്രാജ്യം പൊട്ടിപ്പൊളിഞ്ഞു വീണപ്പോള്‍ വംശവെറിയുടെ കൊടിയുയര്‍ത്തിയത്. സഖാവ് സ്ലോബോദാന്‍ മിലോസെവിചിന്റെ അനുസരണയുള്ള കുഞ്ഞാടുകള്‍ ബോസ്‌നിയയില്‍ വംശശുദ്ധീകരണത്തിനു നേതൃത്വം കൊടുത്തു. ഇന്ന് പോളണ്ട്, റുമേനിയ, ബള്‍ഗേറിയ തുടങ്ങിയ എല്ലാ രാജ്യങ്ങളിലും വലതുപക്ഷ പാര്‍ട്ടികളുടെ തലപ്പത്ത് മുന്‍ കമ്മ്യൂണിസ്റ്റുകളാണെന്നു കാണാം. മധ്യേഷ്യയിലെ മുന്‍ സഖാക്കന്മാര്‍ തന്നെയാണ് വംശീയതയുടെ മേല്‍ കയറി ഭരണം പൊടിപൊടിക്കുന്നത്. ജര്‍മ്മിനിയിലെ യാഥാസ്ഥിതിക കക്ഷിയുടെ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കല്‍ കിഴക്കന്‍ ജര്‍മ്മനിയില്‍ ഏതു പാര്‍ട്ടിയിലായിരുന്നുവെന്നന്വേഷിക്കാവുന്നതാണ്.
കംപോഡിയയിലെ പോള്‍പോട്ടിനെപോലെ നരാധമനായ മറ്റൊരു ഇടതുപക്ഷ സഖാവിനെ കാണാനൊക്കുമോ? ചുവന്ന ഖെമര്‍ (ഖമര്‍റുഷ്) എന്ന ഇടതുപക്ഷ ഫാഷിസ്റ്റ് പ്രസ്ഥാനം നടപ്പിലാക്കിയ സോഷ്യല്‍ എന്‍ജിനീയറിങില്‍ ലക്ഷങ്ങള്‍ മരണമടഞ്ഞു.
ഫാഷിസം എന്നത് മതേതര പ്രത്യയശാസ്ത്രങ്ങള്‍ക്കും മതവ്യവസ്ഥകളിലുമൊക്കെ കാണും. അരാജകത്വത്തിനു എന്തു പേരിട്ടാലും അതില്‍ മതവിശ്വാസികള്‍ക്ക് പങ്കൊന്നുമില്ലെങ്കിലും അത് അപമാനവീകരണം തന്നെയാണ്. ഇരകളെ ഭിന്നിപ്പിക്കുക എന്ന രഹസ്യ കാര്യപരിപാടിയാണ് അത്തരം സംഗമങ്ങളില്‍ പലപ്പോഴും അരങ്ങേറുന്നത്. മിക്കപ്പോഴും വരട്ട് പ്രത്യയശാസ്ത്ര കലപിലകള്‍ മര്‍ദ്ദകരുടെ ഭാഗത്ത്് നിലകൊള്ളുന്നു.

- കലീം






No comments: